കേരളീയര്‍ക്ക് ചോറ് ഉണ്ണാന്‍ സൈഡ് ഡിഷ് ആയി ഒരു തോരനോ മെഴുക്കുപുരട്ടിയോ നിര്‍ബന്ധമാണല്ലോ. നമ്മള് ഓരോ പച്ചക്കറികള്‍ കൊണ്ട് വ്യത്യസ്തമായ തോരനുകള്‍ ഉണ്ടാക്കാറുണ്ട്.ബീറ്റ് റൂട്ട് അതില്‍ പോഷക ഗുണമുള്ള ഒരു പച്ചക്കറി ആണ് .കാല്‍സ്യം, ഫോളിക് ആസിഡ് ,ഇരുമ്പ്,വൈറ്റമിനുകള്‍ എന്നിവ ബീറ്റ് റൂട്ടില്‍ അടങ്ങിയിരിക്കുന്നു, അത് മാത്രമല്ല ബീറ്റ് റൂട്ടിന് ആ നിറം നല്കുന്ന ബീറ്റാ സയാനിന് ഒരു ആന്റി ഒക്സിഡന്റ്റ്ആണ് താനും.അതുകൊണ്ട് ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബീറ്റ് റൂട്ട് തോരന്‍
******************
ആവശ്യമായവ:
ബീറ്റ് റൂട്ട് – ഇടത്തരം 3എണ്ണം
തേങ്ങാ ചിരവിയത് – ഏകദേശം ഒരു കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ജീരകം – ഒരു നുള്ള്
സവാള ഇടത്തരം ഒന്ന് – ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
കടുക് , കറി വേപ്പില , വെളിച്ചെണ്ണ ,ഉപ്പു എന്നിവ പാകത്തിന്
വറ്റല്‍ മുളക് – 2 എണ്ണം
ഉണ്ടാക്കുന്ന വിധം :
ബീറ്റ് റൂട്ട് കൊത്തി അരിഞ്ഞു കഴുകി വാരുക. ചോപ്പര്‍ ഉപയോഗിക്കുന്നതാണ് എളുപ്പം .ഒരേ പോലെ തീരെ ചെറുതായി അറിഞ്ഞു കിട്ടും.
ഒരു മിക്സറില് തേങ്ങയും പച്ചമുളകും കൂടി ഒന്ന് ഒതുക്കി എടുക്കുക.
ഇനി ബീറ്റ് റൂട്ട് അരിഞ്ഞതും തേങ്ങാ ഒതുക്കി എടുത്തതും ഇഞ്ചിയും വെളുത്തുള്ളിയുംസവാളയും അരിഞ്ഞതും ഉപ്പും മഞ്ഞള്‍പ്പൊടിയും കൂടി ഒരു പാത്രത്തില്‍ ഇളക്കി യോജിപ്പിച്ചു വയ്ക്കുക.
ഒരു പാനില്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ച് ജീരകവും പൊട്ടിച്ചു ബീറ്റ് റൂട്ട്തേങ്ങാ മിക്സ് കൂടി ചേര്‍ത്ത് ലേശം വെള്ളം തളിച്ച് ചെറു തീയില്‍ അടച്ചു വെച്ച് ഏകദേശം 10 മിനിറ്റ് വേവിയ്ക്കുക.വെന്തതിനു ശേഷം അടപ്പ് മാറ്റി തോരന്‍ ചിക്കി തോര്‍ത്തി എടുക്കുക.രുചികരമായ ബീറ്റ് റൂട്ട്തോരന് തയ്യാര്‍.
ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ് .
ടിപ്സ് :
ബീറ്റ് റൂട്ടിന്റെ മധുരം ചിലര്‍ക്ക് ഇഷ്ടമല്ല ,എങ്കില്‍ മുളക് പൊടി ചേര്‍ക്കാം.
(കാശ്മീരി മുളകുപൊടി – ഏകദേശം കാല് ടീസ്പൂണ്‍, )