മുറിക്കുള്ളിൽ ആരും കാണാതെ ഞാൻ കരഞ്ഞു. അവന്റെ വാക്കുകൾ എന്തുകൊണ്ടാണ് എന്റെ ഹൃദയത്തിനു താങ്ങാൻ ആവാത്തതെന്നു ഞാൻ ഓർത്തു.
ഇനി എന്നോട് സംസാരിക്കാൻ വരരുതേ… അപേക്ഷ ആണ്. നിന്നെ കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യം വരുവാണ് ആമി…
അത് ഒരു വെറുപ്പിൽ ചെന്നു അവസാനിക്കാൻ നീ അവസരം ഉണ്ടാക്കരുതെ.
അവന്റ വാക്കുകൾ എന്റെ കാതുകളെ വല്ലാതെ പൊള്ളിച്ചു കൊണ്ട് ഇരുന്നു. ശെരിയാണ് അവൻ പറഞ്ഞതെന്ന് എനിക്ക് തോന്നി.
വെറുപ്പ് ഉണ്ടായാൽ അത് ഈ ജന്മം തീരില്ല മനസ്സിൽ നിന്നും. മുഖം പൊത്തി കരഞ്ഞു കൊണ്ട് ഞാൻ കിടന്നപ്പോൾ അമ്മയുടെ വിളി കേട്ടത്.
“ഈ കതകും പൂട്ടി നീ എന്തെടുക്കുവാന് ആമിയേ..” അമ്മയുടെ ചോദ്യം കേട്ട് ഞാൻ മുഖം തുടച്ചു വിളിച്ചു പറഞ്ഞു.
“ദാ… അമ്മ ഞാൻ വരുവാണ്. ഇപ്പോൾ റെഡി ആയി വരാം.” എന്റെ പറച്ചിൽ കേട്ട് അമ്മ അടുക്കളയിലേക്കു പോയന്ന് എനിക്ക് തോന്നി.
മുഖം കഴുകി ഞാൻ റെഡി ആയി അടുക്കളയിലേക്കു ചെന്നു. അമ്മ എന്നെ ആകെയൊന്നു നോക്കി.
“എന്താ… അവനോട് പിണങ്ങിയോ നീ?”
“ഏയ് ഇല്ല അമ്മ…. ഞാൻ അവനോടു പിണങ്ങാനോ.. നല്ല കാര്യം ആയി.” ഞാൻ അമ്മക്ക് മുഖം കൊടുക്കാതെ നിന്നു.
“ഉം….കൂട്ടൊക്കെ നല്ലത് തന്നെ. ആരെയും നീ സങ്കടപെടുത്തരുതേ… എനിക്ക് നിന്നെ അറിയാം നന്നായി.”
അമ്മ എന്റെ മുന്നിലേക്ക് ഭക്ഷണം തന്നു പറഞ്ഞു. ഒന്നും മിണ്ടാതെ ഞാൻ കഴിച്ചു. സ്കൂളിലേക്ക് പോകാൻ ഇറങ്ങിയതും അമ്മ പറഞ്ഞു.
“ആമി…”
“എന്താ അമ്മേ…?”
“നമുക്ക് ഒരാളിൽ ഒരു സ്ഥാനം ഉണ്ട്. ആ സ്ഥാനം എന്നും അവരിൽ ഉണ്ടാകും… നമുക്ക് പകരം നമ്മൾ മാത്രമെ ഉള്ളൂ…”
അമ്മ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. നിറഞ്ഞ മിഴികൾ തുടച്ചു ഞാൻ നടന്നു. അവൻ എന്നും എന്റെ നല്ല സുഹൃത്താണ്. എന്റെ മരണം വരെയും.
ഒരിക്കലും അവനിൽ വെറുക്കപെട്ടവളായി തീരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം, എന്നെ അവൻ മനസ്സിലാക്കിയില്ലെങ്കിലും അവനെ ഞാൻ നന്നായി മനസ്സിലാക്കിയിരുന്നു.