അമ്മേ എന്ന് വിളിച്ചു കരയുന്ന എന്റെ കുഞ്ഞിന്റെ അടുക്കൽ, ജോലിയെല്ലാം പാതി വഴിയിൽ.

0
159

അമ്മേ എന്ന് വിളിച്ചു കരയുന്ന എന്റെ കുഞ്ഞിന്റെ അടുക്കൽ ജോലിയെല്ലാം പാതി വഴിയിൽ നിർത്തിയിട്ട് ഞാൻ ഓടിച്ചെന്നു.

അവൻ കരഞ്ഞു തുടങ്ങിയാൽ പിന്നെ എനിക്ക് ഒരു കാര്യത്തിലും മനസ്സ് നിൽക്കില്ല.

ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ കൈകളും കാലുകളും അവന്റെ അടുത്തേക്ക് ഓടി ചെല്ലാൻ മാത്രമായി അവയുടെ ഉപയോഗം ചുരുങ്ങും.

പിന്നെ അവനെ സന്തോഷിപ്പിക്കാൻ എന്റെ എല്ലാ സമയവും നീക്കിവെക്കും. കഴിപ്പും കുളിയും ഒക്കെ സമയം കിട്ടുമ്പോൾ. മുടിചീകിയിട്ടു ആഴ്ചകൾ! ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?

അവന്റെ കരച്ചിൽ നിന്നതോടെ ഞാൻ ക്ഷീണിച്ച സോഫായിൽ ചാരി മടിപിടിച്ചിരുന്നു. നല്ല ക്ഷീണമുണ്ട്. മനസ്സ് എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് എന്റെ കുട്ടിക്കാലത്തേക്ക് പോയി.

എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നു എന്റെ അപ്പനെയും അമ്മയെയും ഇപ്പോൾ. ഒരുപക്ഷേ ഞാൻ മനസ്സിലാക്കിയത് ഒന്നും ഒന്നുമല്ലായിരിക്കാം.

എത്ര ഭക്ഷണം ഉണ്ടാക്കിയാലും ഇനിയും കുറച്ചു കൂടി ഉണ്ടാക്കാമായിരുന്നു എന്ന് ചിന്തിച്ച് ഞങ്ങൾ മൂന്നു മക്കളുടെ ഇഷ്ടത്തിനനുസരിച്ച് ഓരോ പലഹാരങ്ങൾ ഉണ്ടാക്കാൻ സമയം ചിലവഴിക്കുന്ന എന്റെ അമ്മ.

അവർ എനിക്കു വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും അവർ ചെയ്യേണ്ടതാണ് അത് അവരുടെ കടമയാണ് അത് എന്റെ അവകാശമാണ് എന്നൊക്കെ ആയിരുന്നു അന്ന് എനിക്ക് തോന്നിയിരുന്നത്.

അതൊക്കെ അവർ എനിക്ക് തന്നിരുന്ന ഔദാര്യം ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നതേയില്ല.

അവരുടെ ജീവിതം ഭർത്താവിനും മക്കൾക്കും അവകാശപ്പെട്ടതാണ് എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ അവരുടെ ജീവിതം ഞങ്ങൾക്ക് തന്ന ദക്ഷിണ ആണ് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല.

അവർക്ക് അർഹതപ്പെട്ട ബഹുമാനം ഞാൻ കൊടുത്തിട്ടുണ്ടോ എന്നും എനിക്ക് അറിയില്ല. ഒരു കുട്ടിക്ക് അമ്മയോടും അപ്പനോടു ബഹുമാനം എങ്ങനെയാണ് ഉണ്ടാക്കുന്നത്?

ഭർത്താവും ഭാര്യയും പരസ്പരം കൊടുക്കുന്ന ബഹുമാനമാണ് അവരുടെ കുട്ടികൾ കണ്ടു മനസ്സിലാക്കി അപ്പനും അമ്മയ്ക്കും കൊടുക്കുന്നത്.

എനിക്ക് അമ്മ ചെയ്യുന്നതെല്ലാം അവരുടെ കടമയായി മാത്രം തോന്നിയിരുന്നു എങ്കിൽ ആരാണ് അതിനുത്തരവാദി?

അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന മധുരിക്കുന്ന ഓർമ്മയിൽ എന്റെ നാലാം വയസ്സിലെ ഓർമ്മകളാണ്. ഞാനും അമ്മയും മാത്രം ഉള്ള ഞങ്ങളുടെ പകൽസമയം.

പണ്ടത്തെ ഞങ്ങളുടെ കൊച്ചു വീട്ടിൽ അടുപ്പിൽ ഊതി ഊതി തീ കൂട്ടി ഭക്ഷണം ഉണ്ടാക്കുന്നതും സിമന്റ് പാകിയ വാഷ്ബേസിനിൽ പാത്രം കഴുകുന്നതും അരകല്ലിൽ അരയ്ക്കുന്നതും ചെറിയ ഉരുളകളാക്കി ചോറു വാരി തരുന്നതും എനിക്ക് ഇന്നും അനുഭവിക്കാൻ സാധിക്കുന്നു.

എന്റെ അമ്മയുടെ 37 വർഷത്തെ കുടുംബ ജീവിതത്തിലെ ഓജസ്സും തേജസ്സും ആരോഗ്യവും എല്ലാം ഞങ്ങൾ മക്കൾക്കുവേണ്ടി ഉപയോഗിച്ച് തീർത്ത് ഇന്ന് ഒരു രോഗി ആയി മാറിയിരിക്കുന്നു.

ഇന്ന് രാവിലെ എന്റെ അനുജത്തി ഒരു ഫോട്ടോ അയച്ചുതന്നു. മുയലിന് വീട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചു കൊടുക്കുന്ന എന്റെ അമ്മയുടെ ഫോട്ടോ.

ഇപ്പോൾ അമ്മ സീരിയലുകൾ കാണാറില്ല. ബാലരമ വായനയും പിഷാരടിയുടെ കോമഡിയും മാത്രം. കരഞ്ഞും വേദന അനുഭവിച്ചു മടുത്തവർക്ക് ഇനി കരയാൻ കണ്ണുനീരില്ല. ആ ഫോട്ടോ കണ്ടപ്പോൾ എനിക്ക് അമ്മയെ വിളിക്കണമെന്നു തോന്നി.

വിളിച്ചു സംസാരിച്ചു. എന്നെ എത്ര ഓമനിച്ച ശബ്ദമാണത്. അമ്മ പറഞ്ഞതിൽനിന്നും എന്റെ അപ്പന്റെ ഇന്നത്തെ ദിവസത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.

അപ്പൻ വെളുപ്പിനെ എഴുന്നേറ്റ് ചായയുണ്ടാക്കി രണ്ടു പേർക്ക് കഴിക്കാനുള്ള അപ്പവും മുട്ടക്കറിയും ഉണ്ടാക്കി പാത്രങ്ങൾ കഴുകി കുളിച്ചൊരുങ്ങി ജോലിക്ക് പോയി.

വയസ്സ് എഴുപത് കഴിഞ്ഞു എങ്കിലും പ്രായത്തെ മറികടന്ന് ഇപ്പോൾ ഭാര്യക്കുള്ള ഭക്ഷണവും തയ്യാറാക്കി ജോലിക്ക് പോകുന്നു.

പണ്ട് അമ്മ പറയുമായിരുന്നു എനിക്ക് വയ്യാതായാൽ ആരെങ്കിലും എന്നെ നോക്കുമോ?

എന്റെ ഭർത്താവ് എന്നെ നോക്കുമോ എന്നൊക്കെ. എന്നിട്ട് നിന്ന് കരയുന്നത് കാണാം. അന്ന് ഭർത്താവ് നോക്കും എന്ന് അവർ വിശ്വസിച്ചിരുന്നില്ലായിരിക്കാം.

പക്ഷേ ഇന്ന് എന്റെ അപ്പൻ ചെയ്യുന്നതൊക്കെ ഞങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്ന ഒരു മാറ്റം ആയിരുന്നില്ല.

ഇത് കാലം ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റമാണ്. പണ്ട് ഞാൻ സ്കൂളിൽ പോകുന്നത് എന്റെ അപ്പന്റെ വിരലിൽ പിടിച്ച് നടന്നായിരുന്നു.

അധികം വണ്ടികൾ ഒന്നും ഇല്ലാത്ത കാളവണ്ടികൾ പോകുന്ന കാലത്തായിരുന്നു അത്. ഇനിയും ഒരിക്കൽ കൂടി ആ വിരൽതുമ്പിൽ പിടിച്ച് ഞാൻ നടന്നോട്ടേ പിന്നോട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here