പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, അച്ഛൻ ഉള്ളത് കൊണ്ടാണ് അമ്മ ചിരിക്കാൻ പോലും മറന്നതെന്ന്.

0
177

അന്നൊരുനാൾ അച്ഛന്റെ ശരീരത്തിൽ നിന്ന് ജീവൻ യാത്ര പറഞ്ഞ് പോയപ്പോൾ അമ്മ കരഞ്ഞതിന് പരിധി ഉണ്ടായിരുന്നില്ല. ഞങ്ങൾ മക്കൾ കരഞ്ഞത് അച്ഛന്റെ നഷ്ടം ഓർത്തല്ല.

കരഞ്ഞത് അമ്മയുടെ കരച്ചിൽ കണ്ടാണ്. അച്ഛനും അമ്മയും പരസ്പരം സ്നേഹത്തോടെ നോക്കി ചിരിക്കുന്നതോ, പെരുമാറുന്നതോ കണ്ടിട്ടില്ല…

അച്ഛന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം അനുഭവിക്കാൻ ഞങ്ങൾ മക്കൾക്ക് യോഗം ഉണ്ടായിട്ടില്ല…

ജോലി കഴിഞ്ഞ് ആഴ്ചയിൽ ഒരിക്കൽ മാത്രം വീട്ടിൽ വരുന്ന അച്ഛനോട് ഞങ്ങൾ മക്കൾക്ക് സ്നേഹം കൊണ്ടുള്ള ബഹുമാനം ആയിരുന്നില്ല മറിച്ച് ദേഷ്യം കൊണ്ടുള്ള ബഹുമാനം ആയിരുന്നു…

പക്ഷെ ഞങ്ങളെയെല്ലാം അമ്മ വളരെ സ്നേഹത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളു. അച്ഛന്റെ കയ്യിൽ നിന്നും കിട്ടാത്ത സ്നേഹവും പരിഗണനയും കരുതലും അമ്മയാണ് നല്കിയിരുന്നത്…

അമ്മയോട് പറഞ്ഞാണ് ഞങ്ങളുടെ ചെറിയ ആവശ്യങ്ങൾ പോലും ഞങ്ങൾ നടത്തിയിരുന്നത്…

ഞങ്ങളോട് മാത്രമല്ല, അച്ഛന്റെ കുടുംബക്കാരോടും അയൽക്കാരോടും എല്ലാം അച്ഛൻ അങ്ങിനെ തന്നെ ആയിരുന്നു. ആരോടും സ്നേഹത്തോടെ പെരുമാറുന്നത് ഞങ്ങളുടെ ഓർമയിൽ പോലും ഇല്ല…

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, അച്ഛൻ ഉള്ളത് കൊണ്ടാണ് അമ്മ ചിരിക്കാൻ പോലും മറന്നതെന്ന്. എന്തൊരു സന്തോഷം ഉണ്ടായാലും അമ്മ ചിരിക്കുന്നത് വളരെ അപൂർവം ആയിരുന്നു…

അതും അച്ഛൻ വീട്ടിൽ ഇല്ലെങ്കിൽ മാത്രം. ചിരിക്കാനോ സന്തോഷിക്കാനോ തുടങ്ങുമ്പോൾ അച്ഛൻ വരുന്നതിന്റെ നിഴൽ കണ്ടാൽ അമ്മ അവിടെ നിന്നും മാറി പോകുമായിരുന്നു…

ഇങ്ങിനെയുള്ള രണ്ട് ആളുകൾക്ക് ഞങ്ങൾ അഞ്ച് മക്കൾ എങ്ങനെയുണ്ടായി എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അച്ഛനില്ലാത്ത യാത്രയാണെങ്കിൽ അമ്മ പുറം കാഴ്ചകൾ കണ്ട് സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകും…

അച്ഛനുള്ള യാത്ര ആണെങ്കിൽ വണ്ടിയുടെ ഏതെങ്കിലും ഒരു മൂലയിൽ അമ്മ ഇരിക്കുന്നുണ്ടാകും. അന്നൊക്കെ ആലോചിക്കാറുണ്ട് അച്ഛൻ ഇല്ലാതായാൽ അമ്മക്ക് സന്തോഷം ലഭിക്കുമെന്ന്…

അച്ഛന്റെ മരണ ശേഷം അവരുടെ മുറിയിൽ നിന്ന് പുറത്തിറങ്ങാത്ത അമ്മയോട് അച്ഛന്റെ മരണ ആവശ്യങ്ങൾ കഴിഞ്ഞൊരു ദിവസം അമ്മോയോടൊപ്പം മുറിയിൽ കിടന്നപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, അച്ഛന്റെ ഷർട്ട് കയ്യിൽ മുറുകെ പിടിച്ചാണ് അമ്മ കിടക്കുന്നതെന്ന്…

ഒരിക്കൽ പോലും സ്നേഹത്തോടെ നോക്കാത്ത അച്ഛനെ അമ്മക്ക് അത്ര സ്നേഹമായിരുന്നു എന്ന സത്യം ഞാൻ മനസിലാക്കുകയിരുന്നു. അച്ഛന്റെ വിയോഗം അമ്മയെ സന്തോഷിപ്പിക്കും എന്നു കരുതിയ ഞങ്ങൾ മക്കൾക്കാണ് തെറ്റ് പറ്റിയത്…

അമ്മയെ സ്നേഹിക്കാത്ത അച്ഛൻ പോയില്ലേ ഇനി അമ്മക്ക് സന്തോഷിച്ചൂടെ എന്ന ചോദ്യത്തിന് മുഖം അടച്ചുള്ള മറുപടിയാണ് അമ്മ തന്നത്…

എനിക്ക് ജീവിക്കാനും നിങ്ങൾ മക്കളെ നോക്കാനും സ്നേഹിക്കാനും ദൈവം എനിക്ക് തന്ന ഊർജമാണ് എന്നെ വിട്ട് പോയത്. ആ ഊർജം ഇല്ലാതെ നിങ്ങളുടെ അമ്മക്ക് പഴയപോലെ ജീവിക്കാൻ കഴിയില്ല…

അന്നാണ് അച്ഛനെ കുറിച്ചുള്ള പല കാര്യങ്ങളും അമ്മ ഞങ്ങളോട് പറയുന്നത്…

അച്ഛനോടുള്ള പേടി ആയിരുന്നില്ല യഥാർത്ഥത്തിൽ അമ്മക്ക് ഉണ്ടായിരുന്നത്. മറിച്ച് കഴുത്തിൽ കിടന്ന താലിയോടും നെറ്റിയിലെ സിന്ദൂരത്തോടുമുള്ള ബഹുമാനം ആയിരുന്നു അച്ഛന്റെ മുന്നിലെ പേടിയോടെയുള്ള പെരുമാറ്റം…

എല്ലാവരെയും മനസ്സറിഞ്ഞ് സഹായിച്ചിരുന്ന അച്ഛനെ ചതിച്ച്, ഞങ്ങൾ മക്കൾ അനുഭവിക്കേണ്ട സ്വത്ത് സ്നേഹത്തിൽ നിന്ന് കൈക്കലാക്കിയ…

സ്വന്തക്കാരുടെയും അയൽക്കാരുടെയും യഥാർഥ മുഖം മനസ്സിലാക്കിയത് മുതലാണ് അച്ഛന്റെ മറ്റൊരു മുഖം അവർ കാണാൻ തുടങ്ങിയത്…

എല്ലാം നഷ്ടപ്പെട്ട അച്ഛൻ എല്ലാം ഒന്ന് മുതൽ തുടങ്ങി കുടുംബത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഉള്ള പരക്കം പാച്ചിലിനിടയിൽ അച്ഛൻ പോലും അറിയാതെയാണ് അച്ഛന്റെ സ്വഭാവം പരുക്കനായത്…

മക്കളെ പരിധി വിട്ട് സ്നേഹിച്ചാൽ അവർ ചീത്തയാകുമോ എന്ന ഭയം ആണ് മക്കളുടെ മനസ്സിൽ ഉള്ള സ്നേഹം പുറമെ കാണിക്കാതെ നടന്നിരുന്നതിന്റെ കാരണം…

എല്ലാം കേട്ട് യഥാർഥ അച്ഛനെ തിരിച്ചറിഞ്ഞ് കഴിഞ്ഞപ്പോൾ അത് വരെ അച്ഛനോട് മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും എല്ലാം മാറി…

അവിടെ അച്ഛനോടുള്ള സ്നേഹവും അറിയാതെ തെറ്റിദ്ധരിച്ചതിലുള്ള കുറ്റബോധവും കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. കണ്മുന്നിൽ ഇല്ലാത്ത അച്ഛനോട് മനസ്സിൽ ഒരുപാട് തവണ മാപ്പ് പറഞ്ഞു. അച്ഛന് വേണ്ടി അമ്മയോടും നേരിട്ട് മാപ്പ് പറഞ്ഞു…

മക്കളോട്: എത്ര പരുക്കനായ അച്ഛൻ ആണെങ്കിലും ഉള്ളിൽ മക്കളെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടാകും എന്നത് നാം തിരിച്ചറിയുക…

മാതാപിതാക്കളോട്: പ്രകടിപ്പിക്കാത്ത സ്നേഹം ഭൂമിക്കടിയിലെ സ്വർണം പോലെയാണ്. ആർക്കും അത് കൊണ്ട് ഉപയോഗം ഉണ്ടാകില്ല. മക്കളെ സ്നേഹിക്കുക, മനസ്സറിഞ്ഞ്. അവരുടെ ഏറ്റവും അടുത്ത സുഹൃത്താവുക. ഒരു മക്കളും പിന്നെ ചീത്തയാകില്ല…

(രചന: മുറു കൊടുങ്ങല്ലൂർ)

LEAVE A REPLY

Please enter your comment!
Please enter your name here