ഈ തലയണ മാറ്റി ഒന്ന് അടുത്തേക്ക് കിടന്നൂടെ..” കല്യാണം കഴിഞ്ഞ അഞ്ചാം ദിവസവും തലയണ കൊണ്ട് കിടക്കയിൽ വേലി

0
382

“ഈ തലയണ മാറ്റി ഒന്ന് അടുത്തേക്ക് കിടന്നൂടെ..”

കല്യാണം കഴിഞ്ഞ അഞ്ചാം ദിവസവും തലയണ കൊണ്ട് കിടക്കയിൽ വേലി തീർത്ത എന്നോട്. എന്റെ ഭർത്താവ് ചോദിച്ച ചോദ്യത്തിന് മൗനമല്ലാതെ മറ്റൊരു മറുപടിയും എനിക്കില്ലായിരുന്നു….

എനിക്കയാളെ ഭർത്താവായി അംഗീകരിക്കൻ തന്നെ പ്രയാസമായി തോന്നി……

കല്യാണം കഴിഞ്ഞ നാൾ മുതൽ എന്നെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന ഭർത്താവിനോട് എനിക്ക് വെറും പുച്ഛമായിരുന്നു..

നേഴ്സാണ് ചെറുക്കൻ എന്ന് പറഞ്ഞു ദല്ലാൾ ഫോട്ടോ കാണിച്ചത് മുതൽ ഉള്ളിൽ ആധിയായിരുന്നു……നടക്കാതിരിക്കാൻ പ്രാർത്ഥിച്ചു…..

എന്തോ അത്രയധികം വെറുപ്പായിരുന്നു
ആ മുഖം.
എന്നെ മുൻപ് കണ്ടു ഇഷ്ടപ്പെട്ടു പോലും അത് പറയാൻ ആളെ വിട്ടതായിരുന്നു….

ചിലരെ കണ്ടപാടെ നേരിട്ടറിയാഞ്ഞിട്ടും കാരണമില്ലാത്തൊരു വെറുപ്പ് തോന്നാറുള്ളത് തന്നെയാണ് എനിക്കും തോന്നിയത്…

കാണാൻ പല്ലുന്തി ഇരുനിറം പിന്നെ നേഴ്സ് ആണ് പണി എന്നുകൂടി കേട്ടതോടെ എനിക്ക് അയാളോടുള്ള വിദ്വെഷം ഉച്ചിയിൽ ശിവതാണ്ഡവമാടി..എങ്ങനെയെങ്കിലും ആലോചന മുടക്കാനായി കിടഞ്ഞു പരിശ്രമിച്ചു ….. അച്ഛനോട് നേരിട്ട് പറയാൻ ധൈര്യം കുറവായിരുന്നതിനാൽ അച്ഛൻ കേൾക്കെ ഉറക്കെ കരഞ്ഞു നോക്കി….

ആയിരം വട്ടം അമ്മയോട് കരഞ്ഞു പറഞ്ഞു നേഴ്സ് ചെറുക്കനെ വേണ്ടാന്ന്… പഠിത്തം മുടക്കരുതെന്ന്….

“ഇനി കൂടുതൽ കരഞ്ഞാൽ ചട്ടകം പഴുപ്പിച്ചു ചന്തിക്കു വക്കും…..നിന്റെ പൂങ്കണ്ണീർ ഒന്നും വേണ്ട മര്യാദക്ക് അച്ഛൻ പറയുന്നത് കേട്ടു നിന്നോ അച്ഛന്റെ സ്വഭാവം നന്നായി അറിയാല്ലോ മോൾക്ക്….”

എന്റെ കരച്ചിലിന് മറുപടിയായി അമ്മ പറഞ്ഞു…..

എന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി…..

അച്ഛന്റെ പിടിവാശികൾ ‘അമ്മ സമ്മതിച്ചു കൊടുത്ത കൂട്ടത്തിൽ ഇതും.
അവിടെ എന്റെ ഇഷ്ടങ്ങൾക്കോ സ്വപ്നങ്ങൾക്കോ പ്രാധാന്യമില്ല… വീട്ടിൽ അച്ഛൻ പറയുന്നത് മാത്രമേ നടക്കു….. അത് കൊണ്ട് തന്നെയാണ്
ഇരുപത്തിരണ്ടാം വയസിൽ കോളേജ് പഠിത്തം പാതി വഴിയിലാക്കി കല്യാണം നടത്താമെന്ന് അച്ഛൻ തീരുമാനിച്ചത്…..

ജീവിതം കൊടും ഗർത്തത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന് തോന്നി പോയ ദിനങ്ങൾ…..

അച്ഛനോടും അമ്മയോടുമുള്ള അമർഷം, വാശി കണ്ണീർ മഴയായി കല്യാണനാളിൽ പെയ്തൊഴിഞ്ഞു…. പിന്നീടത് എന്റെ കഴുത്തിൽ താലി കെട്ടിയാളോടുള്ള ദേഷ്യം ഇരട്ടിയാക്കി…. ഓരോ ദിവസം ആ മുഖം കാണുമ്പോഴെല്ലം വെറുപ്പിന്റെ ആഘാതം കൂടി വന്നു….

മുഖത്തു നോക്കാൻ തന്നെ അറപ്പായി…

അച്ഛൻ പറഞ്ഞേല്പിച്ചതാണെന്നു പറഞ് എന്റെ തലവേദനക്കുള്ള മരുന്ന് കൊണ്ട് തരുമ്പോഴും എന്റെ ഭക്ഷണ കാര്യത്തിൽ ഇടപെടുമ്പോഴുമൊക്കെ എന്നോട് അടുക്കാനുള്ള കുതതന്ത്രമായി ഞാൻ കണ്ടു….

ഒരാഴ്ച അങ്ങനെ പോയെങ്കിലും പെട്ടെന്നെനിക്കുണ്ടായ തലകറക്കം എല്ലാരേയും ഞെട്ടിച്ചു…. വാർത്ത കേട്ട അച്ഛൻ ഓടി വീട്ടിലെത്തി…. അതിനു മുൻപ് തന്നെ ഭർത്താവും ജോലിയിൽ നിന്ന് എത്തിയിരുന്നു……എന്റെ ഭർത്താവ് ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ എന്നും കാണിക്കറുള്ള പ്രദീപ് ഡോക്ടറെ തന്നെ കാണിച്ചു… ചെക്ക് അപ്പ് കഴിഞ്ഞു അച്ഛനെ വെയിറ്റ് ചെയ്യാൻ പറഞ്ഞു ഡോക്ടർ എന്നെയും ഭർത്താവിനെയും പുറത്തിരിക്കാൻ ആവിശ്യപ്പെട്ടു ……

എങ്ങനുണ്ട് ഇപ്പോൾ…..???

ഇൻജെക്ഷൻ എടുത്തപ്പോൾ തലകറക്കം മാറ്റമുണ്ടോ…

എന്റെ ഭർത്താവിന്റെ എല്ലാ ചോദ്യത്തിനും മറുപടിയായി മൗനം ബേധിക്കാതെ ഗ്ലാസ് വാതിലിനു മുകളിൽ ഒട്ടിച്ച സൈലെൻസ് പ്ളീസ് എന്ന ബോർഡ് ചൂണ്ടി കാണിച്ചു കൊടുത്തു ഞാൻ…

ഡോക്ടർടെ മുറിയിൽ നിന്നും ഇറങ്ങി വന്ന അച്ഛന്റെ മുഖമാകെ പരിഭ്രാന്തി പടർന്നിരുന്നു….

ഒന്നും മനസിലാവാതെ അച്ഛന് പുറകിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ നടന്നു അച്ഛനോട് കാര്യങ്ങൾ തിരക്കിയ ഭർത്താവിനോട് ‘പറയാം’ എന്ന ഒറ്റ വാക്ക് പറഞ് അച്ഛൻ അനുഗമിക്കാൻ ആംഗ്യം കാണിച്ചു…

എന്റെ ഉള്ളിൽ അതുവരെ ഇല്ലാത്ത ഒരു പേടി തോന്നി തുടങ്ങിയിരുന്നു…. സ്കാൻ ചെയ്യതതിന് ശേഷവും കാര്യമായി ഒന്നുമില്ല പേടിക്കാനില്ല എന്നാണ് ഡോക്ടറും കഴിഞ്ഞ വിസിറ്റിലും പറഞ്ഞിരുന്നത്……

പക്ഷെ ഇപ്പോൾ എന്തോ ചെറിയ പേടി കേറി തുടങ്ങിയിരിക്കുന്നു….. പിറകിലോട്ടു ഒന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ്…. എന്റെ മെഡിക്കൽ റിപ്പോർട്ടുകൾ സ്കാൻ റിപ്പോർട്ടുമെല്ലാം അച്ഛന്റെ അലമാറയിൽ ഭദ്രമായി സൂക്ഷിച്ചിരുന്നു എന്നെ ഒരു വട്ടം പോലും കാണിചിട്ടില്ല……അതിലെന്തോ നിഗൂഢത ഉള്ളതായി ഞാൻ ഭയന്നു….

പക്ഷെ ഈ പ്രാവശ്യം എന്റെ ഭർത്താവിന്റെ കയ്യിലാണ് അച്ഛൻ എല്ലാം ഏല്പിച്ചത്… അത് പെട്ടന്നന്നെ വീട്ടിലെ ഞങ്ങളുടെ ബെഡ്‌റൂമിലുള്ള അലമാരയിൽ സ്ഥാനം പിടിക്കുകയും ചെയ്തു….

പിന്നീടെന്റെ ഉള്ളിൽ അത് തുറന്നു വായിക്കുക എന്ന ചിന്ത മാത്രമായി…. പിറ്റേന്ന് ഭർത്താവ് ജോലിക്കു പോയ സമയം ഞാൻ അത് തുറന്നു നോക്കി ..എന്തൊക്കയോ ടെസ്റ്റ് റിപോർട്ടുകൾ മെഡിസിനുകൾ അതെല്ലാം മറിച്ചു നോക്കുന്നതിനിടയിൽ ഒരു പേരിൽ എന്റെ കണ്ണുകളുടക്കി….

‘ബ്രെയിൻ ട്യൂമർ ‘

ഞെട്ടിതരിച്ചു എന്ത് ചെയ്യണമെന്നറിയാതെ റിപോർട്ടുകൾ അതേ സ്ഥലത്തു വച്ചു…..
ഗൂഗിളിൽ പരതി കണ്ടതെല്ലാം ഭയപ്പെടുത്തുന്ന വിവരങ്ങൾ മാത്രം….

ഭർത്താവും ഇതെല്ലാം അറിഞ്ഞുകാണുമല്ലോ ഞാൻ ഓർത്തു ..ഇനി എനിക്കൊരു ജീവിതമില്ല…. എന്നെ ഉപേകഷിക്കുക തന്നെയാവും ചെയ്യുക… ഒരു രോഗിയെ തലയിൽ ചുമക്കാൻ ആരും ആഗ്രഹിക്കില്ലല്ലോ….

പക്ഷെ അന്ന് വൈകുന്നേരം ഭർത്താവ് ജോലി കഴിഞ്ഞു വന്നത് ചെറു പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തായിരുന്നു….. സത്യത്തിൽ അന്നാണ് ഞാൻ ആ മുഖത്തേക്കൊന്നു നേരെ നോക്കുന്നത്…

“എന്നോടിപ്പോഴും ഇഷ്ടമുണ്ടോ…. ”

എന്റെ ചോദ്യം ആ മുഖത്തു ആശ്ചര്യം വിരിയിച്ചതു ഞാൻ കണ്ടു….

“ഉണ്ടെന്നേ…”

“ഞാൻ രോഗിയാണെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ഇഷ്ടം ഉണ്ട് എന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കണം അല്ലെ… അതോ രോഗം എന്താന്ന് ഇപ്പോഴും അറിയില്ലെന്നുണ്ടോ….എന്നാൽ കേട്ടോ ബ്രെയിൻ ട്യൂമർ..രോഗിയായ ആളെ തലയിൽ കെട്ടിവച്ചതിന് എന്റെ അച്ഛനോടും ദേഷ്യം കാണുമെന്നെനിക്കറിയാം….. കണ്ടു ഇഷ്ടപെട്ടപ്പോ ഇത്രക്കും പ്രേതീക്ഷിച്ചു കാണില്ല അല്ലെ….”

എന്റെ വിദ്വെഷം തെല്ലും കുറയാതെ ഞാൻ കടുപ്പിച്ചെന്നേ പറഞ്ഞു….

“രോഗിയാണ് എന്ന് അറിഞ്ഞോണ്ട് തന്നെയാണ് ഇഷ്ടപെട്ടത് ….”

ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി…..

“പൊന്നുപോലെ നോക്കാൻ വേണ്ടി തന്നെയാണ് നിന്റെ അച്ഛനോട് ചെന്ന് കാര്യം അവതരിപ്പിച്ചത്….. അച്ഛൻ എതിർത്തപ്പോഴാണ് വീട്ടിലോട്ടു ഫോട്ടോ കൊടുത്ത്‌ ആളെ വിട്ടത്…അത് അതിന്റെ മുറക്ക് നടക്കട്ടേന്ന് കരുതി….”

ആ ഒറ്റ നിമിഷത്തിൽ എന്നിൽ ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും അഹങ്കാരവുമെല്ലാം മഞ്ഞുരുകുന്ന ലാഘവത്തിൽ ഉരുകി ഇല്ലാതായി…..

“എന്റെ ടെസ്റ്റ് കേസ് ആയിരുന്നു താൻ…. ചെറിയൊരു ട്യൂമർ അത് വളരുന്നതേ ഉള്ളു മരുന്നും ചിട്ടയായ ജീവിത രീതിയും കൊണ്ട് ഇല്ലാതാക്കാവുന്നത്….
ഒരുപക്ഷെ ഒരു ഡോക്ടറെക്കാൾ കൂടുതൽ പരിചരണം ഒരു നഴ്‌സായ എനിക്ക് നല്കാൻ കഴിയും….

തനിക്കിപ്പോഴും എന്നെ ഒരു ഭർത്താവായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നറിയാം….ദൈവത്തിന്റെ മാലാഖ കൂട്ടർക്ക് വല്യ മുഖ സൗന്ദരിയമൊന്നും കാണില്ലടോ പക്ഷെ ഉള്ള് തൂ വെള്ള ആയിരിക്കും എനിക്ക് താൻ ഒരു നേഴ്സ് ന് കൊടുക്കുന്ന അംഗീകാരം മാത്രം തന്നാൽ മതി…”

ചെറു പുഞ്ചിരിയോടെ അത് പറഞ്ഞവസാനിപിച്ചപ്പോൾ… എന്തോ ആ മുഖത്ത്‌ ഞാൻ വച്ചിരുന്ന വെറുപ്പ് വേറേതോ തലത്തിൽ മാറുന്നതായി ഞാൻ അറിഞ്ഞു…. പിന്നീടുള്ള ഓരോ ദിവസവും എന്റെ തിരിച്ചറിവിന്റേതായിരുന്നു…

ദൈവം വലിയവനാണ് എന്റെ ഉള്ളിലെ അഹങ്കാരം ട്യൂമറുടെ രൂപത്തിൽ മസ്തിഷ്കത്തിൽ വളർത്തി…. അത് ഇല്ലാതാക്കാൻ ഒരു മാലാഖയെ തന്നെ എനിക്ക് സമ്മാനിച്ചു….
ഒരു നിമിഷം ഞാൻ ആ ദല്ലാൾ കാണിച്ച ഫോട്ടോയിലൂടെ കണ്ണോടിച്ചു… എന്തോ അന്ന് ഉണ്ടായിരുന്ന വെറുപ്പ് ഇല്ലാതായിരിക്കുന്നു അത് മറ്റൊരു തലത്തിലേക്ക് വഴിമാറിയിരിക്കുന്നു……സൗന്ദര്യത്തിനു മുഖമില്ല എന്ന സത്യം ഞാൻ അന്ന് മനസിലാക്കി..

രചന: സമ്പത് ഉണ്ണികൃഷ്ണന്‍

LEAVE A REPLY

Please enter your comment!
Please enter your name here