കല്യാണം കഴിഞ്ഞതിന്റെ കൃത്യം പിറ്റേ ഞായറാഴ്ച… സുലു നേരത്തേ എണീറ്റ്‌ ചടപടാ പണിയൊക്കെ തീർക്കുന്നത് കണ്ടപ്പോ

0
153

(രചന: സലീല്‍ ബിന്‍ കാസിം)

കല്യാണം കഴിഞ്ഞതിന്റെ കൃത്യം പിറ്റേ ഞായറാഴ്ച…സുലു നേരത്തേ എണീറ്റ്‌ ചടപടാ പണിയൊക്കെ തീർക്കുന്നത് കണ്ടപ്പോ തന്നെ പന്തികേട് മണത്തതാണ്….

ഓള് ഒടുക്കത്തെ ബിസി ആണെങ്കിലും ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ മരക്കൊമ്പിലിരിക്കുന്ന കാക്കച്ചിയെപ്പോലെ എന്നെ ചാഞ്ഞും ചെരിഞ്ഞും നോക്കി ഇളം പുഞ്ചിരി പാസാക്കാൻ മറന്നില്ല…പക്ഷേ സാധാരണ പോലെ ആയിരുന്നില്ല.. അന്നത്തെ ആ ചിരി ഞമ്മക്കത്ര പിടിച്ചില്ല…

പൊതുവെ ഓള് ചിരിക്കുമ്പോൾ പാൽനിലാവ് പൊഴിയുന്നത് പോലെയും മുക്കുറ്റിപ്പൂ വിടർന്നു നിൽക്കുന്നത് പോലെയും പുലരിയിൽ വിരിയാൻ വെമ്പി നിൽക്കുന്ന മുല്ലമൊട്ടു പോലെയും ഒക്കെ തോന്നാറുള്ള എനിക്ക്
അന്നത്തെ ഓളെ ചിരി കണ്ടിട്ട് പലിശക്കാരൻ അണ്ണാച്ചി ചിരിക്കുന്നതുപോലെയാണ് തോന്നിയത്…..

“മോനേ… ഇയ്യ് പോയി കൊറച്ചു എറച്ചി വാങ്ങികൊണ്ടോര് ”

സിസി തെറ്റിയ വണ്ടി പിടിക്കാൻ വന്ന ഗുണ്ടയുടെ മുഖഭാവത്തോടെ കേറിവന്ന ഉമ്മാന്റെ ആ ഡയലോഗും എന്നത്തേയും പോലെ അന്നത്ര സുഖകരമായി തോന്നിയില്ല…

“ന്തേ.. എറച്ചി ഇല്ലാതെ ഇവിടാർക്കും ഇറങ്ങൂലെ ”

എന്ന് തിരിച്ചു ചോദിച്ചപ്പോൾ മൂപ്പത്തി നൈസായി പുച്ഛിച്ചു കളഞ്ഞു..

” ആ പെണ്ണ് ണ്ടല്ലോ ന്ന് കരുതിയാണ് പറഞ്ഞത്…
വാങ്ങിയ അനക്കും ഓൾക്കും തിന്നാ..എനിക്ക് എറച്ചി തന്നെ വേണം ന്നില്ല മുള്ളൻ ചുട്ടതായാലും ന്റെ വയറു നിറയും ”

എന്ന് പറഞ്ഞപ്പോൾ മൂപ്പത്തി ഇറച്ചി ഒക്കെ തീർന്നാൽ ബാക്കി ഉള്ള എല്ലും ചവച്ചു തുപ്പി കൂട്ടാനും തീർത്തു അവസാനം കറി വച്ച ചട്ടിയിൽ ചോറിട്ട് അതിന്റാത്ത് തലയിട്ട് മുണുങ്ങുന്ന സീൻ ആണ് ഓർമ്മ വന്നത്…

തൽകാലം ഒന്നും പറയാൻ പോയില്ല..പെറ്റ തള്ള ആയതുകൊണ്ട് അങ്ങ് ക്ഷമിച്ചുകളഞ്ഞു….പേഴ്‌സ് എടുത്ത് ഒന്നുടെ ഒന്ന് ഉറപ്പ് വരുത്തി…കൃത്യം ഇരുന്നൂറ്റിപ്പത്ത് രൂപ തന്നെ അല്ലേ അതിനുള്ളിൽ ഉള്ളത് എന്ന്…

ഒരു മാസം കൂടി ലീവ് ഉണ്ട്…അതുവരെ എങ്ങനെ ഒപ്പിക്കും എന്ന് യാതൊരു പിടിയും ഇല്ല…
കല്യാണം മഹറ് സൽക്കാരം അത് ഇത് എന്നൊക്കെ പറഞ്ഞു പൊട്ടിയത് ലക്ഷങ്ങൾ ആണ്… അതും കയ്യിലുള്ളത് തികയാഞ്ഞു കടം വാങ്ങിയത്…

കറി വെക്കാൻ ഒന്നും വാങ്ങിക്കൊടുത്തില്ലെങ്കിൽ ഉമ്മ ഒച്ചയും വിളിയും ഉണ്ടാക്കും…
കല്യാണം കഴിഞ്ഞു ഒരാഴ്ച തികയുന്നതിനു മുന്നേ തന്നെ ഒരു ദരിദ്രവാസിയെയാണ് കെട്ടിയത് എന്ന് സുലു അറിഞ്ഞാൽ അതിലും വലിയ നാണക്കേട് വേറെ ഇല്ല താനും…

തൽക്കാലം വണ്ടി സ്റ്റാർട്ട് ആക്കി അങ്ങാടിയിലേക്ക് പോകാൻ നിൽക്കുന്നതിനിടക്കാണ്‌ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ സുലു പിന്നിൽ നിന്ന് വിളിച്ചത്….

“അതേ.. കുറച്ചു ഉള്ളിയും തക്കാളിയും പച്ചമുളകും കൂടി വാങ്ങാൻ ഉമ്മ പറഞ്ഞു ”

അതുംകൂടി കേട്ടപ്പോൾ ജീവിതം തന്നെ വെറുത്തുപോയി..
വണ്ടിമേൽ ഇരിക്കുന്ന ആ ഇരിപ്പിൽ ഭൂമി കുഴിഞ്ഞു താഴേക്ക് പോയാൽ മതി എന്ന് വരെ തോന്നിപ്പോയി….ഏതായാലും അങ്ങാടിയിൽ പോയി പച്ചക്കറികടയിൽ നിന്ന് ഒരുവിധം മുക്കിയും മൂളിയും അമ്പത് രൂപക്ക് ഉള്ളിയും തക്കാളിയും പച്ചമുളകും ഒപ്പിച്ചു…

ഇനിയുള്ള കടമ്പ ഇറച്ചിയാണ്…അത്യാവശ്യം കറി വെക്കാൻ ഉള്ളത് കിട്ടണമെങ്കിൽ കയ്യിലുള്ള ബാക്കി പൈസ മുഴുവൻ കൊടുക്കേണ്ടി വരും…പിന്നെ ആരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങാൻ പോവാൻ വണ്ടിയിൽ എണ്ണ അടിക്കാനുള്ള പൈസ പോലും കാണില്ല…

നേരെ മീൻ മാർക്കറ്റിലേക്ക് വിട്ടു..മത്തി കിലോ നൂറ്ററുപത്അയലക്ക് ഇരുന്നൂറ്പിന്നെ ഉള്ളതിന്റെ ഒക്കെ വില കേട്ടാൽ തലകറക്കം വരും..ഒടുക്കം രക്ഷകനായി എത്തിയത് കിളിമീൻ ആണ്..കിലോ നൂറ്റിഇരുപത്…

അതിൽ അങ്ങട് ഉറപ്പിച്ചു..അരക്കിലോ കിളിമീൻ ബാക്കി കയ്യിലുള്ള നൂറ് രൂപ ലാഭം….കിളിമീനും കൊണ്ട് വീട്ടിൽ എത്തിയപ്പോൾ മുഖം ചുളിച്ചുകൊണ്ട് കൂമൻ നോക്കുന്നപോലെ കയ്യിലെ കവറിലേക്ക് നോക്കുന്ന ഉമ്മാനെ ആണ് കണ്ടത്…

“ഇയ്യ് വല്യ കാര്യത്തിൽ പോയത് ഇത് വാങ്ങാൻ ആണോ ”
എന്ന ഉമ്മാന്റെ ചോദ്യം വരുന്നതിനു മുന്നേ അങ്ങോട്ട് കേറി പൊട്ടിച്ചു….

“ഹായ്.. ഹായ്.. നല്ല പെടക്കണ പുത്യാപ്ലക്കോര…ഇറച്ചി വാങ്ങാൻ വേണ്ടി പോണ വഴിക്ക് ഇത് കണ്ടപ്പോളാണ്..പുത്യേതായി കല്യാണം കഴിഞ്ഞ പുത്യപെണ്ണും പുത്യാപ്ലയും പുത്യാപ്ലക്കോര കൂട്ടണം ന്ന് പണ്ടാരോ പറഞ്ഞത് ഓർമ്മ വന്നത്.. പിന്നൊന്നും നോക്കീല ”

എന്ന് പറഞ്ഞു നല്ലൊരു ഇളിയും വച്ചു കൊടുത്തു….

ഇങ്ങോട്ട് കേറി അറ്റാക്ക് ചെയ്യാനുള്ള ശ്രമം പാളിപ്പോയ സങ്കടത്തിൽ…

“അന്റെ ബാപ്പ ആവും അങ്ങനെ പറഞ്ഞത്…നിക്ക് വയ്യ ഇതൊന്നും മുറിക്കാൻ.. അന്റെ കെട്ട്യോൾക്ക് കൊണ്ടോയി കൊടുക്ക്…പുത്യാപ്ലന്റെ കോര മുറിക്കാൻ പുത്യപെണ്ണാണു നല്ലതെന്നും അന്റെ ബാപ്പ പണ്ട് പറഞ്ഞിട്ടുണ്ടാവും ”

എന്ന് ബാപ്പ വരുന്ന സ്ഥലത്തൊക്കെ അത്യാവശ്യം കനം കൂട്ടി നൈസായി തന്തക്ക് വിളിച്ചു മൂപ്പത്തി പിണങ്ങിപ്പോയി…ഏതായാലും സുലുവിനു വല്യ ഇറച്ചി ഭ്രമം ഒന്നും ഇല്ലാത്തതുകൊണ്ടും മീൻ ഇഷ്ടമുള്ളതുകൊണ്ടും ഓള് പുത്യാപ്ലക്കോര മുറിച്ചു മൂന്നെണ്ണം പീസാക്കി നല്ല മുളകിട്ട ചാറുണ്ടാക്കി ബാക്കി മൂന്നെണ്ണം പൊരിക്കാൻ വേണ്ടി കായം തേച്ചു…

ഉമ്മ പിണങ്ങിപ്പോയതുകൊണ്ട് ഓളെ ഒറ്റക്കാക്കണ്ടല്ലോ ന്ന് കരുതി ഞമ്മളും മെല്ലെ അടുക്കളയിൽ ചുറ്റിപ്പറ്റി കൂടി….

വെളിച്ചെണ്ണ ചൂടായി വന്നതിലേക്ക് കുറച്ചു കറിവേപ്പില കൂടി ഇട്ടപ്പോൾ തന്നെ നല്ല മണം അതിലേക്ക് വരിവരിയായി മൂന്ന് മീനും കിടത്തി വച്ചു രണ്ടല്ലി വെളുത്തുള്ളി ചതച്ചതും ഇട്ടതോടെ മീൻ പൊരിച്ചതിന്റെ പിടുത്തം വിട്ട മണം അടുക്കളയാകെ പരന്നു…

“നടുക്കുള്ള മീൻ എനിക്ക് വേണം ”

അപ്രതീക്ഷിതമായി പുറകിൽ നിന്ന് അശരീരി കേട്ട് ഞെട്ടിച്ചാടി തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ പുത്യാപ്ലക്കോര കണ്ട് പിണങ്ങിപ്പോയ തള്ളയാണ്…

“തരാൻ സൗകര്യമില്ലെങ്കിലോ.? ”

എന്ന് ചോദിച്ചതോടെ മൂപ്പത്തി…

“ന്നാ പിന്നെ മൂന്നെണ്ണവും എനിക്ക് തന്നെ തരേണ്ടി വരും..”

എന്നായി..

അതെന്താണെന്ന് ചോദിച്ചപ്പോൾ..

“ഒന്നുമില്ല.. ഞാൻ മീൻപൊരിച്ചതിൽ തുപ്പി വെക്കും.. ന്തേ കാണണോ ”

എന്ന് കൂടി പറഞ്ഞതോടെ സുലു ചിരി തുടങ്ങി..ഓള് ചിരിച്ചാൽ പിന്നെ എനിക്ക് ചിരിക്കാതിരിക്കാൻ പറ്റില്ലല്ലോ..ഞാനും ചിരിച്ചു….ഞങ്ങള് രണ്ടാളും ചിരിച്ചതോടെ മൂപ്പത്തിയും ചിരി തുടങ്ങി…

പക്ഷേ യഥാർത്ഥ അഗ്നിപരീക്ഷണം തുടങ്ങിയത് ചോറ് തിന്നു കഴിഞ്ഞതിനു ശേഷമായിരുന്നു….

ചോറ് കഴിഞ്ഞതോടെ സുലു കുളിമുറിയിൽ കയറി നീരാട്ട് തുടങ്ങി…
സാധാരണ ഓള് കുളിക്കുമ്പോൾ കുളിമുറിയുടെ കതകിൽ ചിത്രം വരക്കാറുള്ള എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു….

“അല്ലിക്കാ.. നമ്മളിന്ന് എങ്ങോട്ടാ പോണത് “..

കുളി കഴിഞ്ഞു റൂമിലേക്ക് വന്ന ഉടനേ തന്നെ പ്രതീക്ഷിച്ചതുപോലെ ഓളെ ചോദ്യം വന്നു…….

“ഇന്ന് പോണോ.. എനിക്ക് നല്ല ക്ഷീണം ”

എന്ന് പറഞ്ഞതോടെ പെണ്ണിന്റെ മുഖം വാടി…

“Mm.. ഇന്ന് ഇങ്ങള് എങ്ങോട്ടേലും കൊണ്ടോവും ന്ന് കരുതിയാണ് ഞാൻ നേരത്തെ പണിയൊക്കെ തീർത്തത് ”

എന്ന് പറഞ്ഞിട്ട് ചെറുതായി ചിരിക്കാൻ ഒരു ശ്രമം നടത്തുന്നത് കണ്ടപ്പോൾ എന്തോ.. പാവം തോന്നി…

“ഞാൻ ഇപ്പൊ വരാം ട്ടോ ”

എന്ന് പറഞ്ഞു..
ഓടിപ്പോയി വണ്ടിയിൽ പെട്രോൾ ഉണ്ടോ എന്നൊന്ന് കുലുക്കി നോക്കി..

ഭാഗ്യത്തിന് പെട്രോൾ ഉണ്ടായിരുന്നു..

“ന്നാ മാറ്റിക്കോടി ”

എന്ന് പറഞ്ഞു ഓളുടെ അടുത്തേക്ക് ചെന്നപ്പോൾ

“ഇങ്ങള് എന്തെടുക്കാൻ പോയതായിരുന്നു ”

എന്നായി ഓളെ ചോദ്യം..

“ഞാൻ എന്റെ മൂഡ് ആ മുറ്റത്തെങ്ങാനും വീണു കിടക്കുന്നുണ്ടോന്ന് നോക്കാൻ പോയതായിരുന്നു ”

എന്ന് ഒരു ഇളിഞ്ഞ ചിരി പാസാക്കി പറഞ്ഞപ്പോൾ..

“ന്നട്ട് കിട്ടിയോ ”

എന്ന അടുത്ത ചോദ്യം…

“Mm.. കിട്ടി അതല്ലേ നിന്നോട് മാറ്റാൻ പറഞ്ഞത് ”

എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഓള് ഒരുക്കം തുടങ്ങി…

“ഇക്കാ.. ഞമ്മക്കൊരോ ജൂസ് കുടിച്ചാലോ ”

പണി ജ്യൂസും വെള്ളത്തിൽ ബീച്ചിലേക്ക് പോണ വഴിക്ക് തന്നെ കിട്ടി…

“ആ.. അതിനെന്താ കുടിക്കാലോ ”

ഉള്ളിലെ തീ പുറത്ത് കാണിക്കാതെ അടുത്ത് കണ്ട ഒരു ജൂസ് കടയുടെ മുന്നിൽ കൊണ്ടോയി നിർത്തി…
എന്നിട്ട് ഓള് ഇറങ്ങുന്നതിനു മുന്നേ തന്നെ..

“അല്ല മോളൂ അനക്ക് എന്ത് ജൂസ് ആണ് ഇഷ്ടം ”

എന്ന് ചോദിച്ചപ്പോൾ..

“എനിക്ക് ഷാർജഷേക്ക് മതി ”

എന്നായി ഓള്.

പടച്ചോനെ “70” എന്നൊരു ആളൽ ആ ആളലിന്റെ ഫലമായി

“അതേ… സ്ഥിരമായി ഫ്രഷ് ലൈം കുടിക്കുന്നവർക്ക് സൗന്ദര്യം കൂടും എന്ന് ഇന്നലെ ഫേസ്ബുക്കിൽ കണ്ടിരുന്നു ”

എന്നങ്ങോട്ട് പൊട്ടിച്ചു…

“എനിക്ക് മൊഞ്ച് കുറവാണോ ഇക്കാ ”

എന്നായി ഓള്…
ഓളെ പിണക്കാനും പറ്റൂല ഷാര്ജാഷേക്കിന്‌ പകരം നാരങ്ങാവെള്ളം കുടിപ്പിക്കുകയും വേണം.. ആകെക്കൂടി എടങ്ങേറായി ന്ന് പറഞ്ഞാൽ മതിയല്ലോ..

“ഇയ്യ് മൊഞ്ചിന്റെ കട്ടയാണ്… പക്ഷേ നെയ്യേറിയാൽ അപ്പം കേട് വരില്ലെന്നാണല്ലോ.. അനക്ക് എത്ര മൊഞ്ച് കൂടിയാലും അതൊക്ക ഞമ്മക്കുള്ളത് തന്നെയല്ലേ സുലോ ”

എന്ന് പറഞ്ഞതോടെ മൂപ്പത്തി ലൈം ജ്യൂസിൽ വീണു..

ഒരു ലൈം ഓർഡർ ചെയ്യുന്നത് കണ്ടതോടെ അടുത്ത പണി..

“അല്ല ഇങ്ങളു കുടിക്കുന്നില്ലേ ”

ന്ന്..

“ഏയ്‌.. എനിക്ക് മൊഞ്ച് കൂടണ്ട.. ഇപ്പൊ തന്നെ കുറേ പൂവാലികൾ പുറകെ ഉണ്ട്… ”

എന്ന് പറഞ്ഞതോടെ മൂപ്പത്തി ലേശം കലിപ്പിലായെങ്കിലും…

“ന്നാ ഇങ്ങള് കുടിക്കണ്ട ”

ട്ടോ എന്ന് പറഞ്ഞു ആ പാനപാത്രം എന്നിൽ നിന്ന് അകറ്റി തന്നു…

ബാക്കി ഉള്ള പൈസക്ക് ബീച്ചിൽ കൊണ്ടുപോയി പള്ള നിറച്ചും ഉപ്പിലിട്ടതും കടല വറുത്തതും ഒക്കെ വാങ്ങിക്കൊടുത്തു കാര്യങ്ങൾ എങ്ങനെയൊക്കെയോ സലാമത്താക്കി…

ഇതിനിടക്ക് ഐസൊരതിക്ക് പറഞ്ഞെങ്കിലും ഐസൊരതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഐസ് ബംഗാളികൾ ഉണ്ടാക്കുന്നതാണെന്നും അവർ വൃത്തിയില്ലാത്ത ബക്കറ്റിൽ കക്കൂസിൽ നിന്നൊക്കെ വെള്ളം നിറച്ചു ഫ്രീസറിൽ കൊണ്ടുപോയി വച്ചു ഐസ് ഉണ്ടാക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഒക്കെ പറഞ്ഞു അവളെ എങ്ങനെയൊക്കെയോ അതിൽ നിന്നും അതിവിദഗ്ധമായി പിന്തിരിപ്പിച്ചു…

തിരിച്ചു വരുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു….

അഥവാ വല്ല പഞ്ചറും കുടുങ്ങിയാൽ വായും പൊളിച്ചു നോക്കി നിക്കേണ്ടി വരും…

ഇടി വെട്ടിയവനെ പിന്നെയും പിന്നെയും പാമ്പ് കടിക്കും എന്നാണല്ലോ…

തിരിച്ചു വരുന്ന വഴിക്ക് ഏതോ നാറി പുതുതായി ഓപ്പൺ ചെയ്തു ആളെ പറ്റിക്കാൻ വേണ്ടി മഞ്ഞയും പച്ചയും ലൈറ്റും നാലഞ്ച് പെട്രോൾമാക്‌സും ഒക്കെ വച്ചു ആകര്ഷണീയമാക്കിയ പിസ്സ കട സുലുവിനെ ഹടാതാകര്ഷിച്ചു കളഞ്ഞു…

“ഇക്കാ… ഞമ്മക്ക് പിസ്സ കഴിച്ചാലോ ”

ഓളെ ചോദ്യം കേട്ടപ്പോൾ വണ്ടിയും ഓളെയും അവിടെ ഇട്ടിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോവാനാണ് തോന്നിയത്…
പക്ഷേ സംയമനം പാലിച്ചു…

“പിസ്സ ഇക്ക ഉണ്ടാക്കി തന്നാൽ പോരെ മോളൂ ”

എന്ന് ചോദിച്ചതോടെ മഞ്ഞ ലൈറ്റിന്റെയും പെട്രോൾ മാക്സിന്റെയും ആകര്ഷണവലയത്തിൽ നിന്ന് മോചിതമായ ഓളെ കണ്ണുകൾ അത്ഭുതം കൊണ്ട് പുറത്തേക്ക് ചാടി..

“ഇക്കാക്ക് പിസ്സ ഒക്കെ ഉണ്ടാക്കാൻ അറിയോ ”

എന്നായി…

“പിന്നല്ലാതെ.. ഹിതൊക്കെ ഹെന്ത് ”

എന്നും ചോദിച്ചു വേറൊന്നും ഓളെ കണ്ണിൽ പെടാതിരിക്കാൻ ആക്സിലേറ്റർ പരമാവധി മുരുണ്ടിപ്പിടിച്ചു വീട്ടിലേക്ക് കത്തിച്ചു വിട്ടു…

ഒരു യുദ്ധം ജയിച്ചു കേറി വന്നവന്റെ പ്രതീതിയിൽ പാന്റും കുപ്പായവും ഊരി എറിഞ്ഞു ഒരു ലുങ്കി എടുത്തുടുത്തു ഉണ്ട തീർന്ന തോക്ക് പോലെ എന്നെ നോക്കി ഇളിച്ച പേഴ്‌സ് എടുത്തു മേശവലിപ്പിലിട്ടു സിറ്റൗട്ടിൽ ചെന്നിരുന്നു ആശ്വസിച്ചു തുടങ്ങുമ്പോഴേക്കും

“ഇക്കാ.. മ്മക്ക് പിസ്സ ഉണ്ടാക്കാം.. ”
എന്നും പറഞ്ഞു സുലു അവിടെയും എത്തി….

വീട്ടിൽ എത്തുമ്പോഴേക്കും ഓള് പിസ്സയുടെ കാര്യം മറക്കും എന്ന് കരുതിയ ഞാൻ ദയനീയമായി ഓളെ ഒന്ന് നോക്കി…

“അത് അങ്ങനെ പെട്ടെന്നൊന്നും ഉണ്ടാക്കാൻ പറ്റൂല…
അയിന് ഓവൻ ഒക്കെ വേണം.. പോരാത്തതിന് ചീസ് ഒലിവ് ഒറിഗാനോ ഒക്കെ വാങ്ങണം ”

എന്ന് പറഞ്ഞു ഒപ്പിച്ചു വരുമ്പോഴേക്കും ആണ് ഉമ്മ അതിൽ വന്നു തല ഇട്ടത്..

“ഓൾക്ക് അത് തിന്നാൻ പൂതി ഉണ്ടെങ്കിൽ അനക്ക് പീടിയേൽ പോയി ഒന്ന് വാങ്ങിക്കൊടുത്തൂടെ.. വെറുതെ എന്തിനാ ആ പാവത്തിനെ ഇട്ട് തിരിപ്പിക്കാൻ നിക്കുന്നത് ”

എന്ന ഉമ്മാന്റെ ചോദ്യം കേട്ടതും ചൊറിഞ്ഞു വന്നതാണ്…

“റൂമിലെ മേശയിൽ ന്റെ പേഴ്‌സ് ഉണ്ട്.. ഇങ്ങള് അതിൽ നിന്ന് ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊണ്ടൊരീ ഞാൻ ഇപ്പൊ തന്നെ പോയി വാങ്ങി വരാം ”

എന്ന് പറഞ്ഞപ്പോൾ ഉമ്മ സുലുവിനെ പറഞ്ഞു വിടാൻ ഒരു ശ്രമം നടത്തിയെങ്കിലും മൂപ്പത്തിയെ തന്നെ ഉന്തിതള്ളി പറഞ്ഞു വിട്ടു….

മൂപ്പത്തി പോയി കുറേ കഴിഞ്ഞാണ് തിരിച്ചു വന്നത്..

ആകെ ചമ്മി ചമ്മന്തിയായ മോന്ത കാണാൻ നല്ല രസമുണ്ടായിരുന്നു…

“ഞാൻ നോക്കീട്ട് അതിൽ അഞ്ഞൂറിന്റെ നോട്ടൊന്നും ഇല്ലല്ലോ ”

എന്ന് പറഞ്ഞപ്പോൾ…

“ആ ഉണ്ടാവൂല…..

എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ തന്നെ മൂപ്പത്തി ഒരു രണ്ടായിരത്തിന്റെ നോട്ടെടുത്ത് നീട്ടി..

ന്നട്ട്

“അതില് രണ്ടായിരത്തിന്റെ നോട്ട് മാത്രേ ഉള്ളൂ.. കുറച്ചു പൈസ ഒക്കെ ചില്ലറ ആക്കി വെച്ചൂടെ ”
എന്നൊരു ഡയലോഗും…

ഉമ്മയെ ദയനീയമായി ഒന്ന് നോക്ക് അതും വാങ്ങി റൂമിലേക്ക് ഓടിപ്പോയി പേഴ്‌സ് തുറന്നു നോക്കിയപ്പോൾ അത് നിറയെ രണ്ടായിരത്തിന്റെ നോട്ടുകൾ..ഇതെവിടുന്നു വന്നു പടച്ചോനെ…
എന്നോർത്തു മോളിലേക്കും നോക്കി നിൽക്കുമ്പോൾ ഉമ്മ അവിടെയും എത്തി..

“നോക്കണ്ട.. ഒക്കെ അന്റെ പൈസ തന്നെ ആണ്…
ഞമ്മള് എന്നും എറച്ചി വാങ്ങി തിന്നാതെ മുള്ളൻ ചുട്ടത് ഒക്കെ കൂട്ടി ചോറ് തിന്നുന്നോണ്ട് ബാക്കി ആയതാണ് ”

എന്ന് പറഞ്ഞപ്പോൾ ആണ് കാര്യം കത്തിയത്…

അന്നത്തോടെ ഒരു കാര്യം മനസ്സിലായി….ഉമ്മമാർ പലപ്പോഴും മൂരാച്ചികളും കാര്യഗൗരവം ഇല്ലാത്തവരുമൊക്കെയായി കാണപ്പെടുമെങ്കിലും നമ്മൾ കുടുങ്ങി എന്ന് തോന്നുന്ന സമയത്തായിരിക്കും അവർ അപ്രതീക്ഷിതമായി നമ്മുടെ മുന്നിലേക്ക് കടന്നു വന്നു അതുവരെ കാണാത്ത പല മാജിക്കുകളും കാണിച്ചു കണ്ണ് നിറച്ചു കളയുക…

ഏതായാലും കായി കിട്ടിയ ഉടനേ തന്നെ സുലുവിനുള്ള പിസ്സ വാങ്ങിക്കൊടുത്തു…
പിറ്റേന്ന് അതിരാവിലെ തന്നെ ഉമ്മാക്ക് ഒരു രണ്ട് കിലോ എല്ലുള്ള ഇറച്ചിയും വാങ്ങിക്കൊടുത്തതോടെ കാര്യങ്ങൾക്കെല്ലാം ഒരു നീക്കുപോക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here