ഫോണിലൂടെ കടംപറഞ്ഞ് വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം, കൈവന്ന 60 ലക്ഷത്തിന്റെ ഭാഗ്യം ഉടമയ്‌ക്ക് തന്നെ തിരികെ നൽകി രാമസ്വാമി

തൃശൂർ: ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് 60ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം. ടിക്കറ്റ് വാങ്ങിയ വ്യക്തിക്ക് നമ്പ‌ർ പൂർണമായി പറഞ്ഞു കൊടുക്കാതിരുന്നിട്ടും സമ്മാനം നേടിയ ടിക്കറ്റ് അതിന്റെ ഉടമയ്ക്ക് കൈമാറിയ കൂടാരംകുന്നിലെ രാമസ്വാമി എന്ന നല്ല മനസ്സിനെ അറിയാതെ പോകരുത്. ടിക്കറ്റ് വാങ്ങിയ വകയിൽ ആറായിരത്തിലേറെ രൂപ തരാനുള്ള വ്യക്തിക്കാണ് രാമസ്വാമി സമ്മാന ടിക്കറ്റ് കൈമാറിയത്.പലയിടങ്ങളിലായി കൂലിപ്പണികളെടുത്ത് ഉപജീവനം നടത്തിയിരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകൾ മൂലമാണു നാല് വർഷത്തോളമായി വീടിന് സമീപത്തായി റോഡരികിൽ ഓല ഷെഡ് കെട്ടി ലോട്ടറി വിൽക്കാനിരിക്കുന്നത്. വെള്ളിയാഴ്ച കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60ലക്ഷം രൂപ രാമസ്വാമിയുടെ ഭാഗ്യമഹാലക്ഷ്മി ലോട്ടറി സ്റ്റാളിൽ നിന്ന് വിറ്റുപോയ ടിക്കറ്റിനായിരുന്നു ലഭിച്ചത്.സമ്മാനം ലഭിച്ച വ്യക്തി രാവിലെ ഫോണിലൂടെ രാമസ്വാമിയെ വിളിച്ച് 12ടിക്കറ്റുകൾ വേണമെന്ന് പറഞ്ഞിരുന്നു. ടിക്കറ്റെടുത്ത വകയിൽ തന്നെ രാമസ്വാമിക്ക് ഇയാൾ ആറായിരം രൂപയിലേറെ തുക നൽകാനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ടിക്കറ്റുകൾ ഇയാൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ടിക്കറ്രുകൾ രാമസ്വാമിയുടെ പക്കൽ നിന്നും നേരിട്ട് കൈപ്പറ്റിയിരുന്നില്ല. മാറ്റിവച്ച ടിക്കറ്രുകളുടെ അവസാന നാലക്ക നമ്പരുകൾ രാമസ്വാമി ഫോണിലൂടെ ഇയാൾക്ക് കൈമാറിയിരുന്നു.ഫോണിലൂടെ വിളിച്ച് പറഞ്ഞു മറ്രിവച്ച ടിക്കറ്റുകളിൽ ഒന്നിലായിരുന്നു 60ലക്ഷത്തിന്റെ ഭാഗ്യമെന്ന് അറിഞ്ഞിട്ടും രാമസ്വാമിക്ക് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ രാമസ്വാമി ടിക്കറ്റുകൾ അതിന്റെ ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു. സമ്മാനം ലഭിച്ച ടിക്കറ്റ് സ്വന്തമാക്കാൻ നിരവധി വഴികൾ ഉണ്ടായിരുന്നിട്ടും അതിനൊന്നും തയ്യാറാകാതെ അർഹതപ്പെട്ട വ്യക്തിക്ക് തന്നെ കൈമാറി തന്റെ പേര് അന്വർത്ഥമാക്കുകയായിരുന്നു രാമസ്വാമി.

Be the first to comment

Leave a Reply

Your email address will not be published.


*