കണ്ടാല്‍ പേടിക്കുമെന്ന് അവള്‍ പറഞ്ഞു; കണ്ട നിമിഷം തീരുമാനിച്ചു: അവള്‍ തന്നെ വധു: ഹൃദ്യം

മനസിന്റെ സൗന്ദര്യമാണ് യഥാർഥ സൗന്ദര്യമെന്ന് പറയാറുണ്ടെങ്കിലും വിവാഹ കമ്പോളത്തിലെത്തുമ്പോൾ പലരും ഇത് മറക്കാറുണ്ട്. ഭാര്യ അല്ലെങ്കിൽ ഭർത്താവ് സുന്ദരനോ സുന്ദരിയോ ആയാൽ ജീവിതം സന്തോഷകരമാണെന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. അവരിൽ നിന്നു വ്യത്യസ്തരാകുകയാണ് ലളിത എന്ന യുവതിയും ഭർത്താവും. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഇവർ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

അപ്രതീക്ഷിതമായിട്ടാണ് ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു ഫോൺ വന്നത്. എന്റെ അമ്മയോട് സംസാരിക്കണം എന്നാണ് മറുതലയ്ക്കൽ നിന്നുള്ള ആവശ്യം. അമ്മ എന്റെയൊപ്പമില്ല, ഗ്രാമത്തിലാണ് താമസം, നിങ്ങൾക്ക് നമ്പർ തെറ്റി പോയതാകാമെന്ന് ആ ശബ്ദത്തിന്റെ ഉടമയെ അറിയിച്ചു. ക്ഷമിക്കണം സഹോദരാ എന്നുപറഞ്ഞ് അവർ ഫോൺവെച്ചു. തിരികെ വിളിച്ച് അവളാരാണെന്ന് അന്വേഷിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും എനിക്ക് അവളെ മറക്കാനായില്ല. വീണ്ടും വിളിച്ചു, കൂടുതൽ അറിയാൻ ശ്രമിച്ചു. പതുക്കെ ഞങ്ങൾ എല്ലാദിവസവും സംസാരിച്ചു. ഒരു മാസത്തിന് ശേഷം അവളെന്നോട് പറഞ്ഞു, അധികം കാലം ഞാൻ ഫോണ്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന്. അവൾ ആ പറഞ്ഞത് എന്റെ മനസിനെ അലട്ടി, പിറ്റേദിവസം എന്താണ് കാരണമെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ ആദ്യമായി അവളെക്കുറിച്ച് മനസ് തുറക്കുന്നത്. അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണെന്ന് പറഞ്ഞു. അതിനെന്താണെന്നുള്ള ചോദ്യത്തിന്, നിങ്ങൾ എന്നെ കണ്ടാൽ ഭയക്കുമെന്ന് പറഞ്ഞു. ഞാനങ്ങനെ ഒരാൾ അല്ല എന്ന് പറഞ്ഞു.

അവളെ കാണണമെന്നുള്ള ആഗ്രഹം കൂടി വന്നു. ഒരു സുഹൃത്തിനൊപ്പം അവളുടെ ഗ്രാമത്തിലെത്തി. ആദ്യമായി ഞങ്ങൾ കണ്ടു. അവൾ മുഖത്തു നിന്നും ദുപ്പട്ടയെടുത്തപ്പോൾ ഒരു നിമിഷം ഞാൻ ഭയന്നു. ഞാൻ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. പക്ഷെ  അവളുടെ നിഷ്കളങ്കമായ ചിരി എന്നെ ആകർഷിച്ചു. ആ നിമിഷം തീരുമാനം, ലളിത തന്നെയാണ് എന്റെ വധുവെന്ന്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളും അവളുടെ അർധസഹോദരനും തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി. അവന്‍ പറഞ്ഞു, ‘നീ ധിക്കാരിയാണ്. നിന്‍റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’. എന്നയാൾ ഭീഷണിപ്പെടുത്തി. അവളത് തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം അവന്‍ തിരിച്ചു വന്നു. അവള്‍ പുറത്ത് പോകുന്ന സമയം അവളുടെ മുടി പിടിച്ചുവലിച്ചു. അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അവളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ചികിൽയ്ക്കായി അവള്‍ ആസിഡ് അക്രമണത്തെ അതിജീവിച്ചവരുടെ ഒപ്പമെത്തി. അവസാനം എന്നിലും.

എങ്ങനെ എന്‍റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും എന്ന് പലരും എന്നോട് ചോദിച്ചു. ഞാനവരോട് പറഞ്ഞു സ്നേഹം അങ്ങനെയാണ്. ഇത് മറ്റുള്ളവരുടെ കാര്യമല്ല. എന്‍റെയും അവളുടെയും മാത്രം കാര്യമാണ്. നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് നിങ്ങള്‍ കണ്ടെത്തുക എന്നറിയില്ല. അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള്‍ എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്

Be the first to comment

Leave a Reply

Your email address will not be published.


*