അപ്പച്ചി വിളിച്ചു, കൂട്ടുകാരന്റെ കാറുമായി അരുൺ എത്തിയത് മരണമുഖത്തേയ്ക്ക്

കൊല്ലം: എം.സി റോഡിൽ ആയൂരിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ആറ് പേർ മരിച്ചു. ആയൂർ കൊട്ടാരക്കര റൂട്ടിൽ ആയൂരിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി അകമണിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), മകൾ അഞ്ജന (20), സഹോദര ഭാര്യ സ്മിത (27), സ്മിതയുടെ മക്കളായ അഭിനോജ് (8), ഹർഷ (മൂന്നര), കാർ ഡ്രൈവർ ചെങ്ങന്നൂർ ആലകോണത്ത് വീട്ടിൽ അരുൺ (21) എന്നിവരാണ് മരിച്ചത്.

കൂട്ടുകാരന്റെ കാറുമായി അപ്പച്ചിയുടെ വീട്ടിലേക്ക് പോകുമ്പോൾ അരുണിന് വലിയ സന്തോഷമായിരുന്നു. തിരുവനന്തപുരത്ത് ക്ഷേത്രദർശനം നടത്താൻ ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് ഏറെ സന്തോഷത്തോടെയാണ് പുറപ്പെട്ടത്. തലേന്ന് വൈകിട്ട് പിതൃ സഹോദരി സ്മിതയുടെ വീട്ടിലെത്തി. അനിയത്തി ആതിരയ്ക്കും തിരുവനന്തപുരത്തേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കാറിൽ ഇടമില്ലാത്തതിനാൽ ആതിരയ്ക്ക് യാത്ര ഒഴിവാക്കേണ്ടിവന്നു.

രാത്രി വിശ്രമത്തിന് ശേഷം പുലർച്ചെ 5 മണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കൊച്ചുകുട്ടികളുമായിട്ടായിരുന്നു അരുണിന് കൂടുതൽ ചങ്ങാത്തം. അവരുമായി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബസിന്റെ മുൻഭാഗത്തേക്കുതന്നെ കാർ ഇടിച്ചുകയറി. സംഭവസ്ഥലത്തുവച്ചുതന്നെ അപ്പച്ചിക്കും മറ്റൊരു ബന്ധുവിനുമൊപ്പം അരുണും മരിച്ചു. കുട്ടികൾ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്.

ചങ്ങനാശ്ശേരി ആലകോണേത്ത് ഹൗസിൽ സുദർശനന്റെയും രജനിയുടെയും മൂത്തമകനാണ് അരുൺ. ഐ.ടി.ഐ പഠനത്തിന് ശേഷം തൊഴിൽ അന്വേഷിച്ച് വരികയായിരുന്നു. സർക്കാർ ജോലി കിട്ടണമെന്ന ആഗ്രഹം കൂട്ടുകാരോട് പറയാറുണ്ടായിരുന്നു. ഡ്രൈവിംഗ് അരുണിന് ഇഷ്ടവിനോദമായിരുന്നുവെന്ന് കൂട്ടുകാർ പറയുന്നു. അച്ഛൻ കാർപ്പൻഡറാണ്.

Be the first to comment

Leave a Reply

Your email address will not be published.


*