വീട്ടിൽ ഉറങ്ങികിടന്ന യുവതിയെ കുളത്തിൽ മരിച്ചനിലയിൽ, ദുരൂഹതയുടെ ചുരുളഴിച്ച് പൊലീസ്

രാജാക്കാട് : നെടുങ്കണ്ടത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കവുന്തി തുണ്ടത്തിൽ വിഷ്ണുവിനെയാണ് (24) നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്പൻ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഡിസംബർ 31ന് രാത്രി പത്തോടെയാണ് ഉണ്ണിമായയെ (22) കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പതിനൊന്നരയോടെ സമീപത്തെ പുരയിടത്തിലെ പടുതാക്കുളത്തിൽ ഉണ്ണിമായയെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് രണ്ട് വയസ്സുള്ള ആൺകുട്ടിയുണ്ട്.

സംഭവ ദിവസം രാത്രി ഉറക്കത്തിൽ കട്ടിലിൽ നിന്ന് കുട്ടി താഴെ വീഴുകയും ഇതിനെച്ചൊല്ലി ഉണ്ണിമായയെ വിഷ്ണു മർദ്ദിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിക്ക് അപ്പ് വാഹനത്തിന്റെ ഡ്രൈവറായ ഇയാൾ സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി അയൽവാസികളും പൊലീസിൽ മൊഴി നൽകിയിരുന്നു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡന നിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഉണ്ണിമായയുടെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*