കനിവിന്‍റെ കഥ കൈ നീട്ടാതെ ജീവിച്ച ഈ മനുഷ്യന് മലയാളി നല്‍കിയത് 50 ലക്ഷം

0
121

‘പടച്ചോൻ കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈ നീട്ടാനല്ല. പണിയെടുത്ത് ജീവിക്കാനല്ലേ…’ നൂറ് രൂപ വച്ചുനീട്ടിയ ആ യുവാവിനോട് ഇങ്ങനെ പറഞ്ഞ് ഉനൈർ നടന്നുകയറിയത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. സോഷ്യൽ ലോകത്ത് വൈറലായ ആ വി‍‍ഡിയോയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മലയാളികള്‍ അയച്ചുനൽകിയത് 50 ലക്ഷം രൂപയാണ്. ഇതിൽ 20 ലക്ഷം രൂപ കഷ്ടത അനുഭവിക്കുന്നവർക്കായി മാറ്റി വച്ചിരിക്കുകയാണ് ഉനൈർ. ബാക്കി പണം കൊണ്ട് കാൻസർ രോഗിയായ ഉമ്മയുടെ ചികിൽസയും ഒരു വീടും വയ്ക്കണമെന്നാണ് ഉനൈറിന്റെ മോഹം.

രണ്ടു ചെറുപ്പക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഉനെർ എന്ന യുവാവിന്റെ ജീവിതം അടുത്തറിയുന്നത്. ഉനൈറിന് കൈക്കും കാലിനും സ്വാധീനം കുറവാണ്. കാഴ്ച 50 ശതമാനത്തിൽ താഴെ മാത്രം. ഒരു ഉൗന്നുവടിയുടെ സഹായത്തോടെ ഇൗ മനുഷ്യൻ ദിവസം പത്തുകിലോമീറ്ററോളം നടക്കും. കയ്യിൽ പപ്പടക്കെട്ടുമായി. ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടും. എന്നാൽ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാൻ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇൗ മനുഷ്യൻ. സുശാന്ത് നിലമ്പൂരാണ് ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷവര്‍ത്തമാനം പങ്കുവച്ചത്.

മുൻപ് ഉമ്മ ജോലിയ്ക്ക് പോയിരുന്നു. എന്നാൽ ഇപ്പോൾ ഉമ്മയ്ക്ക് കാൻസറാണ്. അതുകൊണ്ട് ഉമ്മ ജോലിക്ക് പോകുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്ന് ചോദിച്ച യുവാക്കൾക്ക് അന്ന് ഉനെർ നൽകുന്ന മറുപടി ഇങ്ങനെ. ‘പടച്ചോൻ നമുക്ക് കയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കയ്യും കാലും കൊണ്ട് നയിച്ചു ജീവിക്കുകയാണ്..’ പരിമിതികളുടെ ഇൗ അവസ്ഥയിലും ചിരിച്ച് കൊണ്ട് തനിക്ക് ഒരു സഹായവും േവണ്ടെന്ന് പറയാനുള്ള മനസുമായി സ്വയം അധ്വാനിച്ച് ജീവിക്കാൻ മുന്നോട്ട് നടക്കുകയായിരുന്നു ഇൗ മനുഷ്യൻ.

LEAVE A REPLY

Please enter your comment!
Please enter your name here