മരണശേഷം മാറ്റിവെച്ച ഗർഭപാത്രത്തിലൂടെ ലോകത്താദ്യമായി ഒരു പിറവി .

0
128

അവയവങ്ങൾ മാറ്റി വെയ്ക്കുന്നത് മെഡിക്കൽ ലോകത്ത് ഒരു പുതുമയല്ല. അങ്ങിനെ മാറ്റി വെയ്ക്കാവുന്ന അവയവങ്ങളിലൊന്നാണ് ഗർഭപാത്രം. ലോകത്താകെ 39 തവണ ഗർഭപാത്രം മാറ്റിവെയ്ക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇങ്ങിനെ സ്വീകരിക്കപ്പെട്ട ഗർഭപാത്രങ്ങളൂടെ പ്രസവവും നടക്കാറുണ്ട്. 11 തവണയാണ് ഇത്തരത്തിൽ മാറ്റിവെയ്ക്കപ്പെട്ട ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചിട്ടുള്ളത്.

എന്നാൽ ലോകത്താദ്യമായാണ് ഒരു മരണപ്പെട്ട സ്ത്രീയിൽ നിന്നും എടുത്ത ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞ് ജനിക്കുന്നത് . ലാൻസെറ് മെഡിക്കൽ ജേർണലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2016 ലാണ് ബ്രസീലിലെ സാവോപോളോ ആശുപത്രിയിൽ ഗർഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടന്നത്. ഹൃദയാഘാതം മൂലം മരിച്ച 45 വയസുകാരിയായ സ്ത്രീയുടെ ഗർഭപാത്രം 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 32 വയസ്സുകാരിയായ യുവതിക്ക് മാറ്റിവെച്ചത്. ഗർഭപാത്രമില്ലാത്തതോ പൂർണ്ണവളർച്ചയെത്താത്ത ഗർഭപാത്രമുണ്ടാവുകയോ ചെയ്യുന്ന എം.ആർ.കെ.എച്ച്. അഥവാ മേയർ റോകിൻസ്റ്റൻസി കെസ്റ്റർ ഹൗസെർ സിൻഡ്രോമെന്ന അവസ്ഥയായിരുന്നു ഗർഭപാത്രം സ്വീകരിച്ച യുവതിക്ക്. ഗർഭപാത്രം സ്വീകരിച്ചതിനെ തുടർന്ന് യുവതിക്ക് 37 ആം ദിവസം ആർത്തവമുണ്ടാകുകയും ഏഴുമാസത്തിനു ശേഷം ഗർഭിണിയാകുന്നതുവരെ സ്ഥിരമായി അർത്തവമുണ്ടാകുകയും ചെയ്തു.

ശീതികരിച്ച അണ്ഡങ്ങൾ ഉപയോഗിച്ച് ഐ. വി.എഫ്. പ്രക്രിയ വഴിയാണ് യുവതി ഗർഭിണിയായത്. പൂർണ്ണ ആരോഗ്യമുള്ള പെൺകുഞ്ഞിന് ശസ്ത്രക്രിയയിലൂടെയാണ് ജന്മം നൽകിയത്. 2017 ഡിസംബറിലാണ് കുഞ്ഞ് ജനിച്ചതെന്ന് ജേർണൽ വെളിപ്പെടുത്തി.

ജീവിച്ചിരിക്കുന്ന സ്ത്രീയിൽ നിന്നും ഗർഭപാത്രം സ്വീകരിച്ചതിനു ശേഷം കുഞ്ഞുപിറക്കുന്ന സംഭവം 2013 ൽ സ്വീഡനിലാണ് ആദ്യമായി നടക്കുന്നത്. ലോകത്താകമാനം 15 ശതമാനത്തിലധികം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ ചികിത്സ തേടുന്നവരാണ്. അതിൽത്തന്നെ 500 കേസുകളിൽ ഒന്നെന്ന നിരക്കിൽ ഗർഭപാത്രം സംബന്ധിച്ച പ്രശ്ങ്ങൾ ഉള്ളവരാണ്. വന്ധ്യതയും ഗർഭധാരണ സംബന്ധമായ പ്രശ്ങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യരാശിക്കുതന്നെ ഏറെ പ്രതീക്ഷയേകുന്ന ഒരു വാർത്തയാണിത്

LEAVE A REPLY

Please enter your comment!
Please enter your name here