”എന്ത് സംഭവിച്ചാലും അയ്യപ്പനെ കണ്ടേ മടങ്ങൂ..”,40 അംഗ വനിതാ സംഘം ശബരിമലയിൽ 23ന് എത്തും

തിരുവനന്തപുരം: എന്ത് സംഭവിച്ചാലും ഞങ്ങൾ ശബരിമലയിൽ ദർശനം നടത്തുമെന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതാവ് സെൽവി. ഞാനടക്കം 40 പേരാണ് 23ന് ശബരിമലയിൽ എത്തുന്നത്. സംഘത്തിൽ ഒരാൾ ഒഴികെ എല്ലാവരും 50 വയസിന് താഴെയുള്ളവരാണ്. ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് ദർശനം നടത്താൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. വനിതാ സംഘം മല ചവിട്ടാൻ ഒരുങ്ങുന്നതിനെക്കുറിച്ച് സെൽവി സംസാരിക്കുന്നു:
ഞങ്ങൾ വിശ്വാസികൾ

മുൻപ് വന്നവരിൽ മതത്തിന്റെയും ആക്ടിവിസത്തിന്റെയുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ വിശ്വാസികളാണ്. അതുതന്നെയാണ് ഞങ്ങൾക്കുള്ള ആത്മവിശ്വാസവും. 23ന് ഞങ്ങൾ പത്തനംതിട്ടയിലെത്തും.

കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ ഞങ്ങളുടെ യാത്ര സംബന്ധിച്ച് കത്ത് അയച്ചിരുന്നു. സുരക്ഷ ഒരുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. കത്ത് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി വന്നിട്ടുണ്ട്. സുപ്രീം കോടതി വിധിയെ തുടർന്ന് എത്തുന്ന ഞങ്ങൾക്ക് ആവശ്യമായ സുരക്ഷ കേരള സർക്കാർ ഒരുക്കുമെന്ന് തന്നെയാണ് വിശ്വാസം.

പറഞ്ഞ് മനസിലാക്കും

വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്ന് കുറച്ച് സ്ത്രീകൾ ഞങ്ങൾക്കൊപ്പം മലകയറാനുണ്ട്. തടയാൻ ആരെങ്കിലും എത്തിയാൽ അവരെ പറഞ്ഞു മനസിലാക്കാൻ അവർക്ക് കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. തെറ്റിദ്ധാരണകൾ കൊണ്ടാണ് ഇതിനു മുൻപ് ചെറിയൊരു വിഭാഗം അവിടെ ഭക്തരെ തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയത്. അത്തരം തെറ്റിദ്ധാരണകൾ നീക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്ത് സംഭവിച്ചാലും അയ്യനെ കാണാതെ മടങ്ങില്ല.

എല്ലാവരും വ്രതത്തിൽ

വരാൻ തയാറെടുക്കുന്ന എല്ലാവരും വ്രതത്തിലാണ്. ശബരിമല തീർത്ഥാടനത്തിന് പാലിക്കേണ്ട കാര്യങ്ങളെല്ലാം ഞങ്ങൾ പാലിക്കുന്നുണ്ട്. ആണുങ്ങളും പെൺകുട്ടികളും വൃദ്ധകളും മാത്രം മലകയറുകയെന്ന കാലങ്ങളായി നിലനിന്ന രീതി മാറ്റാൻ രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിട്ടപ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് അഭിമാനം തോന്നിയിരുന്നു. അന്നുതന്നെ ഇക്കുറി ശബരിമല ദർശനം നടത്തണമെന്ന് തീരുമാനിച്ചു. ഞങ്ങളുടെ കൂട്ടായ്മയിലെ പലരും ശബരിമലയ്ക്ക് പോകാൻ കഴിയാത്ത വിഷമം പങ്കുവച്ചിട്ടുണ്ട്. അതിനുള്ള പ്രതിവിധി കൂടിയാണ് ഈ യാത്ര.

മനിതി എന്നാൽ മനുഷ്യസ്ത്രീ

പെരുമ്പാവൂരിൽ ജിഷ മൃഗീയമായി കൊല്ലപ്പെട്ടതോടെയാണ് നീതിക്കുവേണ്ടി പോരാടാൻ മനിതി എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ജിഷയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ചെന്നൈ മറീന ബീച്ചിൽ നടത്തിയ ജാഥയിലാണ് എന്തുകൊണ്ട് സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ഒരു സംഘടന രൂപീകരിച്ചുകൂടാ എന്ന ചിന്ത ഉയർന്നത്. ആ ജാഥയിൽ പിറന്ന സംഘടന പിന്നീട് നിരവധി സ്ത്രീകളുടെ ജീവിതത്തിന് കൈത്താങ്ങായി. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സഹായവുമായി മനിതിയും എത്തിയിരുന്നു. മനുഷ്യസ്ത്രീ എന്നാണ് മനിതി എന്ന വാക്കിന്റെ അർത്ഥം.സേലത്ത് കൊല്ലപ്പെട്ട രാജലക്ഷ്മിയെന്ന പെൺകുട്ടിയുടെ വീട്ടുകാർക്ക് നിയമസഹായവുമായി മുന്നോട്ടു പോവുകയാണ് മനിതി.

വനിതാ സംഘത്തിൽ

തമിഴ്നാട്ടിൽ നിന്ന്- 15 പേർ

മദ്ധ്യപ്രദേശ്, ഒറീസ, കർണാടകയിൽ നിന്ന്- 5

കേരളത്തിൽ നിന്ന്- 20

Be the first to comment

Leave a Reply

Your email address will not be published.


*