അന്ന് തെരുവില്‍ കിടന്നുറങ്ങി; ഇന്ന്, വീടില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്നു

33 വയസുകാരനായ ആഷിഷ് സൂഡ് ഓസ്ട്രേലിയയില്‍ നിന്ന് ലുധിയാനയിലെത്തിയത് 2007 -ലാണ്. സ്റ്റുഡന്‍റ് വിസയില്‍ ഹോസ്പിറ്റാലിറ്റിയും പാചകവും പഠിക്കാനാണ് എത്തിയത്. വളരെ കുറച്ച് പണം മാത്രമാണ് അന്ന് അദ്ദേഹത്തിന്‍റെ കയ്യിലുള്ളത്. രണ്ടാഴ്ചകളോളം കയറിക്കിടക്കാന്‍ വീടില്ലാതെ അദ്ദേഹം കഴിഞ്ഞത് തെരുവുകളിലാണ്. പണം കുറവായതിനാല്‍ തന്നെ വളരെ കഷ്ടപ്പാടിലായിരുന്നു ജീവിതം. പലപ്പോഴും ഭക്ഷണം പോലും കഴിക്കാനില്ലാത്ത അവസ്ഥ.

എപ്പോഴും സൂഡ് ആഗ്രഹിച്ചത് സ്വന്തമായി ഒരു റെസ്റ്റോറന്‍റ് തുടങ്ങാനായിരുന്നു. അതുമാത്രമായിരുന്നു അയാളുടെ സ്വപ്നം. അതിനുവേണ്ടി ഒരു പതിറ്റാണ്ടോളം അയാള്‍ കഷ്ടപ്പെട്ടു. ഇന്ന് അയാള്‍ ‘ജിഞ്ചര്‍ ആന്‍ഡ് ഗാര്‍ലിക്’ എന്ന ടേക്ക്എവേയുടെ ഉടമസ്ഥനാണ്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ തുടങ്ങിയ ഈ കടയില്‍ ഇന്ത്യന്‍ ഭക്ഷണമാണ് ലഭിക്കുക.

കയ്യില്‍ പണമില്ലാത്ത, കിടന്നുറങ്ങാനിടമില്ലാത്ത ദിവസങ്ങളെ കുറിച്ച് ഇപ്പോഴും സൂഡിന് നല്ല ഓര്‍മ്മയുണ്ട്. അതുകൊണ്ടു തന്നെ കടയടക്കുന്നതിന് മുമ്പായി ബ്രിസ്ബെയ്നിലെ തെരുവുകളില്‍ കാണുന്ന വീടില്ലാത്തവര്‍ക്കായി സൂഡ് സമൂസയും, നാനും, കറികളുമെല്ലാം വിളമ്പുന്നു.

”എത്ര ഭക്ഷണമാണ് ദിവസവും പാഴായിപ്പോകുന്നത്. അത് കാണുമ്പോള്‍ എനിക്ക് വലിയ വേദനയാണ്. ഞാന്‍ എന്നെ കുറിച്ച് തന്നെ ഓര്‍ക്കും. അതുകൊണ്ട് വീടില്ലാത്തവര്‍ക്കും ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്കുമായി ഭക്ഷണം നല്‍കുന്നു. അതില്‍ ഞാന്‍ ഹാപ്പിയാണ്. അവര്‍ നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോട്ടെ. എട്ട്- ഒമ്പതുപേര്‍ ദിവസവും വരുന്നവരുണ്ട്. അവര്‍ക്കാര്‍ക്കും വീടില്ല. കഴിഞ്ഞ നാല് മാസമായി അവരെല്ലാം എത്തുന്നു. 8.30 ആകുമ്പോള്‍ അവര്‍ ഷോപ്പിന്‍റെ മുന്നിലെത്തും. 10.30 ന് കടയടക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ക്കെല്ലാം ഭക്ഷണം നല്‍കും.” സൂഡ് പറയുന്നു.

അത് മാത്രമല്ല. വീടില്ലാത്തവര്‍ക്ക് ചുറ്റുമുള്ള ലോകവുമായുള്ള ബന്ധവും കുറവാണ്. ഈ റെസ്റ്റോറന്‍റിലേക്കുള്ള വരവ് അവര്‍ക്ക് പുതിയ സൗഹൃദങ്ങളുടെ ലോകവും നല്‍കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*