ട്രോളുകളിൽ കിളി പോയി കിളിനക്കോട്ടുകാർ’; പൊടുന്നനെ ഉദിച്ച ചിരി താരകങ്ങൾ.

ഫെയ്സ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞുവെന്ന പേരിൽ പെൺകുട്ടികൾക്കെതിരെ വാളെടുത്ത കിളിനാക്കോട്ടെ പിളളേരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. വളഞ്ഞിട്ടു പിടിച്ച് മികച്ച ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സെൽഫിയും ടിക്ക്ടോക്കും ഞങ്ങൾ കിളിനാക്കോടുക്കാർക്ക് ഇഷ്ടമല്ല, ബെസർപ്പിന്റെ മണമുളള എനിക്ക് അതൊട്ടും ഇഷ്ടമല്ല തുടങ്ങി വിവിധ മീമുകളിലുളള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പറപറക്കുന്നത്. കുറെനാളുകളായി മികച്ച ഒരു ഇരയെ കിട്ടാതിരുന്ന ട്രോളന്മ‍ാർ ഉണർന്നു കഴിഞ്ഞു. ചിരിപൊട്ടുന്ന നിരവധി ട്രോളുകളുമായി കിളിനക്കോട്ടുകാർ കളം നിറഞ്ഞു കഴിഞ്ഞു.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത പ്രദേശമായ കിളിനക്കോട് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു  തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ വിദ്യാർഥിനികൾ അവർ ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുക്കുകയും അവരുടെ വാഹനങ്ങളിൽ തിരിച്ചു പോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഒരുപറ്റം ആളുകൾ തടഞ്ഞു നിർത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെൺകുട്ടികൾ പരാതി പറയുന്നു.

ഫെയ്സ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞെന്ന പേരിൽ പെൺകുട്ടികൾക്കെതിരെ അധിക്ഷേപവും സൈബർ ആക്രമണവും നടത്തിയെന്ന കേസിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. വാട്സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബർ ആക്രമണത്തിനും പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ പെൺകുട്ടികൾ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസിൽ പരാതി നൽകിയെന്നും പെൺകുട്ടികൾ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കൾ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതാണ് കുരുക്കായത്.

സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്തത് തടഞ്ഞതിനെ തുടർന്നാണ് പെൺകുട്ടികൾ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇവരെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള സൈബർ ആക്രമണമാണ് ഈ പോസ്റ്റുകൾക്ക് താഴെ നടക്കുന്നത്.

തുടർന്ന് ഇവർ ഫെയ്സ്ബുക്ക് ലൈവിൽ എത്തി തങ്ങള്‍ ഇവിടെ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കള്‍ച്ചര്‍ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലെന്നും തമാശ കലർന്ന രൂപത്തിൽ ഫെയ്സ്ബുക്ക് വിഡിയോ ചെയ്തു. ‘ഇവിടത്തെ ചെക്കന്‍മാര്‍ പോലും കണക്കാണ്, ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് ഇവിടെ ഉളളവർ. ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരുന്നതാകും നല്ലത്. കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക’– ഇവർ ഫെയ്സ്ബുക്ക് ലൈവിൽ‌ പറഞ്ഞു. ഇതോടെ ഒരു പറ്റം ആളുകൾ ഇവർക്കെതിരെ രംഗത്തു വരികയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*