ഭര്‍ത്താവ് സിസേറിയന്‍ ചെയ്തു കുട്ടിയെ പുറത്തെടുക്കാന്‍ സമ്മതിക്കാതതിനെ തുടര്‍ന്ന് വേദനയുടെ കടല്‍ കടിച്ചമാര്‍ത്തിയ ഒരമ്മയുടെ നോവ്‌ കഥ

ഭർത്താവ് പ്രസവശസ്ത്രക്രിയക്ക് സമ്മതിക്കാതിരുന്നതിനെ തുടർന്ന് അഞ്ച് വർഷം കാത്തിരുന്നുണ്ടായ കൺമണിയോട് പോലും സ്നേഹരാഹിത്യം തോന്നിപ്പോയ ഒരമ്മയെക്കുറിച്ചാണ് കുറിപ്പ്. ചിലർ വളരെ നിഷ്കളങ്കരായി ചോദിയ്ക്കും എന്ത് സ്വാതന്ത്ര്യമാണ് പെണ്ണുങ്ങൾക്ക് വേണ്ടതെന്ന്. ഇതാ ഇതുപോലെ ഇനിയും സ്വാതന്ത്ര്യത്തിനു കടന്നു ചെല്ലാൻ പറ്റിയിട്ടില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട് അവളുടെ ജീവിതത്തിൽ– ആ അസ്വാതന്ത്ര്യങ്ങളെക്കുറിച്ച് ധീരമായി ഈ കുറിപ്പ് പറയുന്നു.

പൂർണ്ണരൂപം ഇങ്ങനെ:

ഞാൻ ചെല്ലുമ്പോൾ അവളും കുഞ്ഞും ഉറങ്ങുകയായിരുന്നു. പ്രസവിച്ച ഉടനെ അമ്മയെയും കുഞ്ഞിനേയും കാണാൻ പോവുന്ന ആചാരം ഞാൻ നിർത്തിയത് അമ്മയായ ശേഷമാണ്. അപ്പോഴാണല്ലോ മനസ്സിലായത് കാഴ്ച്ചക്കാർ അമ്മയ്ക്കും കുഞ്ഞിനും ആഹ്ളാദമല്ല ബുദ്ധിമുട്ടാണെന്ന്. ഇത് പക്ഷെ അവൾ വിളിച്ചതാണ്. അരികിൽ ചെന്ന് തൊട്ടപ്പോൾ അവൾ കണ്ണ് തുറന്നു. ഇതാ അഞ്ചു വർഷം കാത്തിരുന്നുണ്ടായ എന്റെ കണ്മണി എന്നവൾ പറയുമെന്ന പ്രതീക്ഷ തെറ്റിച്ച് എന്റെ കൈ പിടിച്ച് അടുത്തിരുത്തി അവൾ ചോദിച്ചത് എനിക്കൊരു ജോലി കിട്ടുമോ എന്നാണ്. ഇപ്പോഴോ എന്ന് ഞാൻ. അല്ല മൂന്ന് മാസം കഴിയുമ്പോൾ.എഞ്ചിനീയറിംഗ് കഴിഞ്ഞു ഇത്രയും കാലം വെറുതെ ഇരുന്ന ഇവൾക്കെന്താ ഇപ്പോൾ ഇങ്ങനെ എന്ന എന്റെ ഭാവം കണ്ടിട്ടാവാം അവൾ തുടർന്നു. അയാൾക്കൊപ്പം ഞാനിനി പോവുന്നില്ല. അയാളെന്നു അവൾ പറഞ്ഞത് ഏട്ടൻ എന്ന് വിളിച്ചു കൊണ്ടിരുന്ന ഭർത്താവിനെയാണ്.

അവളുടെ മാനസിക നിലയ്ക്ക് എന്തേലും പറ്റിയോ എന്ന സംശയത്തിൽ ഞാനവളുടെ കൈകൾ മുറുകെ ചേർത്ത് പിടിച്ചു.കണ്ണുകൾ നിറഞ്ഞൊഴുകി. ഇടറിയ ശബ്ദത്തിൽ വാക്കുകളും. ഗർഭിണി ആയതുമുതൽ അവൾക്കു നടുവേദന ഉണ്ടായിരുന്നു. പ്രസവം അടുക്കാറായപ്പോൾ അത് വല്ലാതെ കൂടി. പ്രസവ വേദന വന്നപ്പോൾ നടുവേദനയും കൂടി.അഞ്ചു മണിക്കൂർ വേദന കൊണ്ട് പിടഞ്ഞു.അവളുടെ പിടച്ചിൽ കണ്ടു നിൽക്കാനാവാതെ ഡോക്ടർ ഇടയ്ക്കിടെ വന്നു സിസേറിയൻ നോക്കാമെന്നു പറഞ്ഞെങ്കിലും ഭർത്താവിന് നിർബന്ധം നോർമൽ ഡെലിവറി വേണമെന്ന്.(സുഖ പ്രസവമെന്ന പ്രയോഗം ഒഴിവാക്കുന്നു.അത്ര സുഖമല്ല പ്രസവം എന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്.) സിസേറിയൻ ദൈവ ഹിതത്തിനു എതിരാണത്രെ. അവൾ കരഞ്ഞു പറഞ്ഞിട്ടും അയാൾ കേട്ടില്ല. വേദനിച്ചു വേദനിച്ചു അവസാനം കുഞ്ഞിന് ജന്മം നൽകിയപ്പോൾ അവൾ ആഗ്രഹിച്ചത് അഞ്ചു വർഷം കാത്തിരുന്ന കൺമണിയെ കാണാനല്ല. അവളുടെ കണ്ണുകൾ എന്നന്നേയ്ക്കുമായി അടഞ്ഞു പോവണേ എന്നായിരുന്നു.

അയാളെ കാണേണ്ടി വരുന്നത് അവൾക്ക് ആലോചിക്കാനേ വയ്യായിരുന്നു. റൂമിലെത്തിയതും അവൾ അയാളോട് പറഞ്ഞു, ഇനി നിങ്ങൾക്കൊപ്പം ഒരു ജീവിതമില്ലെന്ന്. അപ്പോഴും നിലച്ചിട്ടില്ലാത്ത വേദനയുടെ പിടച്ചിലിൽ പുലമ്പുന്നതായിരിക്കും അവളെന്ന് അയാളും വീട്ടുകാരും കരുതി. തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിഞ്ഞതോടെ അയാൾ കുട്ടിയ്ക്ക് മേൽ അവകാശം പറഞ്ഞു തുടങ്ങി. കുഞ്ഞെന്ന വികാരത്തിന് മുന്നിൽ അവൾ തോൽക്കുമെന്ന് അയാൾ കരുതി കാണണം. സന്തോഷം, നിങ്ങൾ കൊണ്ട് പോയി വളർത്തിക്കോളൂ എന്ന് അവൾ പറഞ്ഞപ്പോൾ അയാൾ കീഴടങ്ങി. മുലയൂട്ടൽ കഴിയുന്നത് വരെ അവൾക്കൊപ്പം നിൽക്കട്ടെ കുഞ്ഞെന്ന നിലപാടിലാണ് അയാൾ ഇപ്പോൾ. എന്ത് ഭംഗിയുള്ള ജീവിതമായിരുന്നു കാണുമ്പോൾ. അതുകൊണ്ടു തന്നെ അവളുടെ തീരുമാനം അറിയുന്നവരൊക്കെ അവളെ കുറ്റപ്പെടുത്തി ഈ ചെറിയ കാരണത്തിന്റെ പേരിൽ അയാളെ വേണ്ടെന്നു വയ്ക്കുന്നത് അഹങ്കാരമാണെന്ന്. കാണുന്നവർക്കു ആ ജീവിതത്തിനു ഭംഗി തോന്നിയത് അയാളുടെ ഇഷ്ട്ടങ്ങളിലേയ്ക്ക് അവൾ മാറിയത് കൊണ്ടാണ്.

അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെ അവൾ മറന്നത് കൊണ്ടാണ്. നട്ടുച്ചയാണെന്നറിയാമായിരുന്നിട്ടും അയാൾ രാത്രിയാണെന്നു പറഞ്ഞാൽ അതെ എന്നവൾ സമ്മതിച്ചത് കൊണ്ടാണ്. കരഞ്ഞു കൊണ്ടേയിരിക്കുന്ന അവളെ നെഞ്ചോടു ചേർത്ത് പിടിച്ചപ്പോൾ എനിയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ വേദനയുടെ പിടച്ചിലും, സംഘർഷവും, നിസ്സഹായതയും. അമ്മ പറയുന്നുണ്ടായിരുന്നു അവളുടെ പിടച്ചിൽ കണ്ടു നിൽക്കാനേ എനിയ്ക്കായുള്ളൂ എന്ന്. തീരുമാനം അവനല്ലേ എടുക്കേണ്ടത്. അതെ നമ്മുടെ സമൂഹം അങ്ങനെയാണല്ലോ. അവളെ സംബന്ധിക്കുന്ന എന്ത് തീരുമാനവും എടുക്കേണ്ടത് അവനാണല്ലോ. വിവാഹം വരെ അച്ഛനോ ഏട്ടനോ ശേഷം ഭർത്താവും.

അവളുടെ ശരീരമായിരുന്നു. അവൾക്കു ബോധവുമുണ്ടായിരുന്നു. അവളുടെ സമ്മതം മതിയായിരുന്നില്ലേ ഡോക്ടർക്ക്. എന്തിനായിരുന്നു ഡോക്ടർ അവളെ വേദനയ്ക്ക് വിട്ടു കൊടുത്തു. അയാളുടെ സമ്മതവും കാത്തിരുന്നത്. എന്നിട്ടും ചിലർ വളരെ നിഷ്കളങ്കരായി ചോദിയ്ക്കും എന്ത് സ്വാതന്ത്ര്യമാണ് പെണ്ണുങ്ങൾക്ക് വേണ്ടതെന്ന്. ഇതാ ഇതുപോലെ ഇനിയും സ്വാതന്ത്ര്യത്തിനു കടന്നു ചെല്ലാൻ പറ്റിയിട്ടില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട് അവളുടെ ജീവിതത്തിൽ. ചേർത്തുപിടിക്കാൻ ഒപ്പം നിൽക്കാൻ ആരുമില്ലാതിരിക്കുന്ന നിസ്സഹായതയിൽ മനസ്സ് ഇടറിപ്പോയ പെൺകുട്ടികളെ ഏറെ കണ്ടതുകൊണ്ട് തന്നെ ഒപ്പമുണ്ടാവും എന്ന ഉറപ്പ് കൊടുത്തിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*