നെല്ലിക്കയുടെ ഈ ഉപയോഗങ്ങളും ഗുണങ്ങളും നിങ്ങളെ ഞെട്ടിക്കും ഉറപ്പ്

വനമഹര്‍ഷിയ്‌ക്ക്‌ ജരാനരകള്‍ബാധിച്ചപ്പോള്‍ അദ്ദേഹം വിധിപ്രകാരം പത്ഥ്യനുഷ്‌ഠാനത്തോടു കൂടി സേവിച്ച രസായനത്തില്‍ നെല്ലിക്കയായിരുന്നു പ്രധാന ഘടകം. തത്‌ഫലമായി അദ്ദേഹം വീണ്ടും യൗവനയുക്തനായെന്നാണ്‌ പുരാണങ്ങള്‍ പറയുന്നത്.

അദ്ദേഹത്തിന്‌ യൗവ്വനം വീണ്ടെടുക്കാന്‍ സഹായിച്ച ആ ദിവ്യൗഷധത്തിന് ച്യവനപ്രാശമെന്ന്‌ പേരും വീണു. ഇതില്‍ നിന്നും നെല്ലിക്കയുടെ സിദ്ധി മനസ്സിലായി കാണുമല്ലോ?

നെല്ലിക്ക വിവിധ ഭാഷകളില്‍ വിവിധ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. നെല്ലിക്കയെ ധാത്രിയെന്നും വിളിക്കുന്നു. വാക്കിന് വളര്‍ത്തമ്മ, ഭൂമി എന്നൊക്കെ അര്‍ത്ഥം.

സംസ്കൃതത്തില്‍ നെല്ലിക്ക അമലകി എന്നാണ് അറിയപ്പെടുന്നത്. ലക്ഷ്മി ദേവി വസിക്കുന്ന ഫലം എന്നാണ് ഇതിനര്‍ത്ഥം. ആയുര്‍വ്വേദത്തിലാണെങ്കില്‍ അമൃതാ, അമൃതഫലം, ശ്രീഫലം, പഞ്ചസാര തുടങ്ങിയ പേരുകളിലാണ് നെല്ലിക്ക വിശേഷിപ്പിക്കപ്പെടുന്നത്.പ്രകൃതിദത്തമായി വളരെ ഔഷധ ഗുണമുളള ഫലമാണ്‌ നെല്ലിക്ക. പാലും പച്ചക്കറികളും ഒഴിച്ചാല്‍ ഏറ്റവുമധികം ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ നെല്ലിക്കയിലാണ്‌. ഓറഞ്ചു നീരില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ ഇരുപത്‌ മടങ്ങ്‌ വിറ്റാമിന്‍ സി നെല്ലിക്കാനീരിലുണ്ടെന്നാണ്‌ കണക്ക്‌.

നെല്ലിക്കയിലുളള വിറ്റാമിന്‍ വേവിക്കുന്നതുകൊണ്ട്‌ നശിച്ചുപോകുന്നില്ല എന്നൊരു പ്രത്യേകതയുമുണ്ട് . 100 ഗ്രാം നെല്ലിക്കാനീരില്‍ 500 മുതല്‍ 720 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി കാണപ്പെടുന്നു.

100 ഗ്രാം നെല്ലിക്കയിലെ പോഷകമൂല്യങ്ങള്‍

 1. പ്രോട്ടീന്‍-0.5 ഗ്രാം
 2. കൊഴുപ്പ്‌-0.1 ഗ്രാം
 3. ധാതുക്കള്‍-0.5 ഗ്രാം
 4. നാരുകള്‍-3.4 ഗ്രാം
 5. കാര്‍ബോഹൈഡ്രെറ്റ്‌സ്‌-13.7 ഗ്രാം
 6. ഊര്‍ജ്ജം-58 കലോറി
 7. കാല്‍സ്യം-50 മില്ലിഗ്രാം
 8. ഫോസ്‌ഫറസ്‌-20 മി.ഗ്രാം
 9. വിറ്റാമിന്‍ സി-600 മി.ഗ്രാം
 10. സോഡിയം-5 മി.ഗ്രാം
 11. പൊട്ടാസിയം-225 മി.ഗ്രാം
 12. ഓക്‌സാലിക്‌ ആസിഡ്‌-296 മി.ഗ്രാം
 13. കരോട്ടിന്‍-9 മി.ഗ്രാം


ഇതിന്റെ പഴുത്ത കായ വാതം, കഫം, വിശേഷാല്‍ പിത്തം, രക്തദോഷം, ചുട്ടുനീറല്‍, ചര്‍ദ്ദി, ജ്വരം, കൃമി, ചുമ, വയറുവീര്‍പ്പ്‌, പ്രമേഹം, വീക്കം, ഒച്ചയടപ്പ് ഇവയെ ശമിപ്പിക്കും. രുചിയെ ഉണ്ടാക്കും. ശുക്ലത്തെ വര്‍ദ്ധിപ്പിക്കും. പുഴുങ്ങാതെ ഉണക്കിയാല്‍ മേല്‍പറഞ്ഞ ഗുണങ്ങള്‍ ഏറിയിരിക്കും. അരച്ചുതേച്ചാല്‍ നിറപ്പൊലിമയുണ്ടാകും.

നെല്ലിക്കയുടെ മറ്റ് ഔഷധ ഗുണങ്ങള്‍

മുടിക്കൊഴിച്ചിലി‍ന്‌: നെല്ലിക്കാ കുഴന്പുരൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ആറു നെല്ലിക്ക ഒരു കപ്പ് പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. നെല്ലിക്ക പതം വരുന്പോള്‍ ഇറക്കുക. പിന്നീട് കുരു കളഞ്ഞ് അത് കുഴന്പുരുപത്തിലാക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് ശേഷം കഴുകി കളയുക.

മുടികൊഴിച്ചിലിനും മുടിവളരുന്നതിനും: നെല്ലിക്കാ നീരും സമം നീലയമരി നീരും ചേര്‍ത്ത്‌ എണ്ണ കാച്ചി മണല്‍ പാകത്തില്‍ അരിച്ചുതേയ്‌ക്കുക.

കണ്‍ഡീഷനര്‍: നെല്ലിക്കയും ഷിക്കായിപ്പൊടിയും തൈരും ചേര്‍ത്ത് മുടി കഴുകിയാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറായി .

പ്രമേഹത്തിന്‌: നെല്ലിക്കാനീരും ശുദ്ധമായ തേനും (നാഴിനീരിന്‌ ഒരു തുടം തേന്‍) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കുടത്തിലാക്കി പാത്രത്തിന്‍റെ വായ് ഭാഗം തുണികൊണ്ട് നന്നായി പൊതിഞ്ഞ് (ഉണങ്ങിയ സ്ഥലത്ത്‌) കുഴിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞ് പിഴിഞ്ഞരിച്ച്‌ ഉപയോഗിക്കുക. ഒരൗണ്‍സ്‌ നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുളളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ സേവിക്കുക.

യൗവ്വനം നിലനിര്‍ത്തുന്നതിനും സ്‌ത്രീഗമന ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും: പച്ച നെല്ലിക്കാ കഴുകി നന്നായി തുടച്ചതിനു ശേഷം ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്തു ഭരണിയിലാക്കി പതിയന്‍ ശര്‍ക്കര നെല്ലിക്കാ മൂടുന്നതു വരെ ഒഴിച്ച്‌ ശീലമണ്‍ ചെയ്‌ത്‌ നെല്ലില്‍ കുഴിച്ചു വച്ചിരുന്ന്‌ ഒരു മാസം കഴിഞ്ഞു പിഴിഞ്ഞരിച്ചു സേവിക്കുക.

ഉള്‍ചൂടിനും വായ അഴുകുന്നതിനും: നെല്ലിക്കാ അരികളഞ്ഞരച്ച്‌ പച്ച മോരില്‍ കലക്കി സേവിക്കുക.

വയറുകടിക്ക്‌: പച്ചനെല്ലിക്കാ അരികളഞ്ഞരച്ച്‌ പച്ച മോരില്‍ കലക്കി സേവിക്കുക.

മഞ്ഞപിത്തത്തിന്‌: നെല്ലിക്കാനീരും സമം കരിമ്പിന്‍ നീരും അതിരാവിലെ കഴിക്കുക.

സ്‌ത്രീഗമന ശക്തി ഇല്ലാത്തവര്‍ക്ക്‌: ഉണക്കനെല്ലിക്കാ അരികളഞ്ഞ്‌ പൊടിച്ച്‌ പച്ചനെല്ലിക്കാനീരില്‍ ഭാവനചെയ്‌ത്‌ ദിവസവും കാലത്തും രാത്രിയിലും തേനും നെയ്യും ചേര്‍ത്ത്‌ സേവിക്കുക. പാല്‍ അനുപാതമായി കഴിക്കണം.

മുഖക്കുരു: രക്തം ശുദ്ധമല്ലാത്തതിനാലാണ് മുഖക്കുരു ഉണ്ടാകുന്നത്. രക്ത ശുദ്ധീകരണത്തിന് നെല്ലിക്കാ നീര് ഉത്തമമാണ്. വെണ്ണയും തേനും ചേര്‍ത്ത നെല്ലിക്കാനീര് കുടിക്കുക. നെല്ലിക്കാ നീര് ലഭ്യമല്ലെങ്കില്‍ 20 ഗ്രാം നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.

എക്‌സീമ, ചുണങ്ങുകള്‍, ത്വക്ക്‌ ചുളിവ്‌, മുഖത്തെ കറുപ്പ്‌, വിളര്‍ച്ച, നേത്രരോഗങ്ങള്‍ എന്നിവയ്‌ക്ക്‌: ച്യവനപ്രാശ ലേഹ്യം സേവിക്കുകയും പുറമേ നെല്ലിക്കാ അരച്ചു പുരട്ടുകയും ചെയ്യുക.

അസ്മാ: അഞ്ച് ഗ്രാം നെല്ലിക്കാ ഒരു ടെബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നെല്ലിക്ക കിട്ടിയില്ലെങ്കില്‍ നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.

Be the first to comment

Leave a Reply

Your email address will not be published.


*