അസ്ഥിക്ഷയം അഥവാ എല്ല് തെയിമാനം എങ്ങനെ തടയാം

0
71

അസ്ഥികളുടെ കരുത്തും സാന്ദ്രതയും കുറയുന്ന ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം. അസ്ഥികളില്‍ സുഷിരങ്ങള്‍ കൂടുതലായി രൂപപ്പെട്ട് അവയുടെ ദൃഢതയും കനവും കുറയുന്ന അവസ്ഥയാണിത്. ആരോഗ്യാവസ്ഥയില്‍ എല്ലുകളിലെ സുഷിരങ്ങള്‍ ചെറുതും ഭിത്തികള്‍ കനമുള്ളതുമാണ്. എന്നാല്‍ അസ്ഥിക്ഷയം ബാധിച്ചവരില്‍ എല്ലിന്റെ ഭിത്തികളുടെ കനം കുറയുകയും സുഷിരങ്ങള്‍ വലുതാവുകയും ചെയ്യും. അസ്ഥിക്ഷയം ഗുരുതരമാകുന്നതോടെ ചെറിയ വീഴ്ചകള്‍പോലും അതിസങ്കീര്‍ണമായ ഒടിവുകള്‍ക്ക് ഇടയാക്കും. കൈകാലുകള്‍ ചെറുതായി തട്ടുകയോ, മടങ്ങുകയോ ചെയ്യുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ ലഘുവായ ആഘാതങ്ങള്‍പോലും എല്ലൊടിയാന്‍ ഇടയാക്കുന്നുവെങ്കില്‍ അതിന്റെ പ്രധാന കാരണം അസ്ഥിക്ഷയമാണ്.

പ്രത്യേകിച്ച് പരിക്കുകളൊന്നും ഇല്ലാതെത്തന്നെ അസ്ഥിക്ഷയം ബാധിച്ചവരില്‍ ഒടിവുകള്‍ ഉണ്ടാകാം. കോടിക്കണക്കിന് ജീവകോശങ്ങളുടെ കൂട്ടമാണ് അസ്ഥികള്‍. ജീവനുള്ള കോശങ്ങള്‍ക്കു പുറമെ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മാംസ്യവും അസ്ഥികളെ കരുത്തുറ്റതും വഴക്കമുള്ളതുമാക്കുന്നു. ശരീരത്തിന് ബലവും ആകൃതിയും നല്‍കുന്നതോടൊപ്പം ആന്തരാവയവങ്ങളെ സംരക്ഷിക്കുന്നതും അസ്ഥികളാണ്.

അസ്ഥിക്ഷയം സാധ്യതകള്‍ ആര്‍ക്കൊക്കെ?

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെയും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെയും കുറവ് അസ്ഥിക്ഷയത്തിന് ഇടയാക്കാറുണ്ട്. കൂടാതെ പാരമ്പര്യമായി അസ്ഥിക്ഷയം ഉള്ളവര്‍, ചെറുപ്പത്തില്‍ എല്ലിന് ഗുണകരമായ ഭക്ഷണം ശീലിക്കാത്തവര്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തകരാറുകള്‍ ഉള്ളവര്‍, കരള്‍രോഗികള്‍, പുകവലിയും മദ്യപാനവും ശീലമാക്കിയവര്‍ തുടങ്ങിയവര്‍ക്കൊക്കെ അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളില്‍ അസ്ഥിക്ഷയത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. നേരത്തെത്തന്നെ ആര്‍ത്തവവിരാമത്തിലെത്തിവരിലും, കൂടുതല്‍ ഗര്‍ഭം ധരിച്ച സ്ത്രീകളിലും, താമസിച്ച് ആര്‍ത്തവം ആരംഭിച്ചവരിലും, ഗര്‍ഭാശയവും, അണ്ഡാശയവും നീക്കംചെയ്തവരിലും അസ്ഥിക്ഷയം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അപര്യാപ്തത അസ്ഥിക്ഷയത്തിന് ഇടയാക്കുന്നു. ഇതിനുപുറമെ വാതം, അര്‍ബുദം തുടങ്ങിയവയുടെ പരിണതഫലമായും ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗംമൂലവും അസ്ഥിക്ഷയം ഉണ്ടാകാം.

ലക്ഷണങ്ങള്‍

പ്രത്യേകിച്ച് ലക്ഷണമൊന്നും പ്രകടമാക്കാത്തതിനാല്‍ അസ്ഥിക്ഷയം വര്‍ഷങ്ങളോളം തിരിച്ചറിയാറില്ല. എല്ലുകളുടെ കട്ടി കുറയുന്നതുമൂലം ഉണ്ടാകുന്ന ഒടിവുകളാണ് പ്രധാന രോഗലക്ഷണം. നട്ടെല്ലിലെ കശേരുക്കളിലും, തുടയെല്ലിലെ സന്ധികള്‍ക്കു സമീപവും, കൈക്കുഴയിലുമാണ് സാധാരണയായി അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകുന്നത്. കശേരുക്കളിലെ പൊട്ടലിനെത്തുടര്‍ന്ന് തുടര്‍ച്ചയായ നടുവേദന ഉണ്ടാകാം. നെഞ്ചിന്‍കൂടിന് പൊട്ടലുണ്ടാകുന്ന ഘട്ടത്തില്‍ ചിലര്‍ക്ക് ശ്വാസതടസ്സം ഉണ്ടാകാറുണ്ട്. ഇതുകൂടാതെ കൂന്, വയര്‍ ചാടല്‍, പൊക്കം കുറയല്‍, മുടികൊഴിച്ചില്‍, പല്ലിളകി കൊഴിയല്‍ തുടങ്ങിയ പ്രശ്നങ്ങളും അസ്ഥിക്ഷയവുമായി ബന്ധപ്പെട്ടു വരാറുണ്ട്.

വാര്‍ധക്യത്തിലെ ഒടിവുകള്‍

കോശനാശംമൂലം പ്രായമാകുമ്പോള്‍ അസ്ഥികളുടെ കനം കുറയാനും അവ ഒടിയാനും, പൊട്ടാനുമുള്ള സാധ്യത കൂടും. പൊതുവെ വാതരോഗങ്ങള്‍ ഏറുന്നതും വാര്‍ധക്യത്തിലാണ്. അസ്ഥികോശങ്ങളുടെ നിര്‍മാണത്തെക്കാള്‍ കോശനാശമാണ് വാര്‍ധക്യത്തില്‍ ഉണ്ടാവുക. പ്രായമാകുന്തോറും തലച്ചോര്‍, പേശികള്‍, കണ്ണുകള്‍, ചെവികള്‍, നാഡികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത് ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് വീഴ്ചയ്ക്ക് ഇടയാക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ഒടിവുകള്‍ പലപ്പോഴും സങ്കീര്‍ണതകളിലേക്ക് എത്താറുണ്ട്. പ്രത്യേകിച്ച് തുടയെല്ലിനുണ്ടാകുന്ന ഒടിവുകള്‍.

പ്രതിരോധം നേരത്തെ

അസ്ഥികളുടെ ബലക്ഷയം ഒരിക്കലും പെട്ടെന്ന് ഉണ്ടാകുന്ന രോഗാവസ്ഥയല്ല. ചെറുപ്രായത്തില്‍ത്തന്നെ എല്ലുകളുടെ ബലക്ഷയം ഒഴിവാക്കാനുള്ള കരുതലുകള്‍ തുടങ്ങുന്നതിലൂടെ നല്ലൊരളവ് അസ്ഥിക്ഷയം പ്രതിരോധിക്കാനാവും. ബാല്യത്തിലും, കൗമാരത്തിലും ലഭിക്കുന്ന പോഷകംനിറഞ്ഞ ഭക്ഷണത്തിനും വ്യായാമത്തിനും അസ്ഥിവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ നല്ല പങ്കുണ്ട്. ഒരു സന്തുലിതാവസ്ഥയിലാണ് അസ്ഥികോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കുന്നത്. സാധാരണഗതിയില്‍ എല്ലുകള്‍ നിരന്തരം നവീകരണത്തിന് വിധേയമാകാറുണ്ട്. ദുര്‍ബലമായതോ നശിച്ചുപോയതോ ആയ അസ്ഥികോശങ്ങളെ നീക്കം ചെയ്യുകയും, പുതിയ അസ്ഥികോശങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ വിവിധ ഹോര്‍മോണുകളുടെയും, ജീവകങ്ങളുടെയും നിയന്ത്രണത്തിലാണ് നടക്കുക. സ്ത്രീകളിലും പുരുഷന്മാരിലും അസ്ഥികള്‍ അതിന്റെ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത് 18-25നും ഇടയ്ക്കുള്ള പ്രായത്തിലാണ്. അസ്ഥികളുടെ കട്ടി ഏറ്റവും കൂടുന്നതും ഈ ഘട്ടത്തിലാണ്. അതിനുശേഷം 10 വര്‍ഷം കഴിയുമ്പോള്‍ ക്രമാനുഗതമായി അസ്ഥിക്ഷയം ഉണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ ബാല്യത്തിലും, കൗമാരത്തിലും എല്ലുകള്‍ക്ക് ഗുണകരമായ ഭക്ഷണവും, വ്യായാമവും ശീലിക്കുന്നവര്‍ക്ക് യൗവനത്തോടടുക്കുമ്പോള്‍ പരമാവധി സാന്ദ്രതയും, കരുത്തുമുള്ള അസ്ഥികള്‍ നേടിയെടുക്കാനാകും. ഇതിലൂടെ അസ്ഥിശോഷണത്തെയും അതുമൂലമുള്ള ഒടിവുകളെയും പ്രതിരോധിക്കാനാവും. അഭ്യംഗം (എണ്ണതേപ്പ്) ജീവിതശൈലിയുടെ ഭാഗമാക്കുന്നത് അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

എല്ലിന് കരുത്തേകും ഭക്ഷണങ്ങള്‍

എല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും മികച്ച ഭക്ഷണം അനിവാര്യമാണ്. എള്ള്, എള്ളെണ്ണ, കൂവരക്, മഞ്ഞപ്പൂവ്, മത്തനില, മുരിങ്ങയില, ഉലുവയില, ചീര, പാല്‍, തൈര്, മോര്, തേങ്ങ, മുട്ട കക്കയിറച്ചി, ചൂട, വാള, മത്തി തുടങ്ങിയ മത്സ്യങ്ങള്‍, തവിടുകളയാത്ത അരി, പയര്‍വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ് ഇവ എല്ലിന് ഗുണകരമാണ്. ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും കുഞ്ഞിന്റെയും, അമ്മയുടെയും അസ്ഥിശോഷണം തടയാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവവിരാമത്തോടടുത്ത സ്ത്രീകള്‍ പ്രകൃതിദത്ത ഈസ്ട്രജന്റെ കലവറയായ ചേന, ചേമ്പ്, കാച്ചില്‍, ഉലുവ തുടങ്ങിയവ ഭക്ഷണത്തില്‍ പെടുത്തുന്നത് അസ്ഥിക്ഷയം തടയും. അതുപോലെ കാത്സ്യശോഷണം ഉണ്ടാക്കുന്നതിനാല്‍ ടിന്നിലടച്ച ഭക്ഷണം, ശീതളപാനീയങ്ങള്‍ ഇവ കുറയ്ക്കുക. അമിതമായ കാപ്പിയുടെയും, ചായയുടെയും ഉപയോഗവും ഒഴിവാക്കുക. മദ്യപാനവും, പുകവലിയും അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തീര്‍ത്തും ഒഴിവാക്കുക.

വ്യായാമം

ചിട്ടയായ വ്യായാമം അസ്ഥിക്ഷയത്തെ ഫലപ്രദമായി തടയും. വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് അസ്ഥികള്‍, സന്ധികള്‍, പേശികള്‍ തുടങ്ങിയവയുടെ ബലവും, പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കും. ചെറുപ്രായത്തിലേ തുടങ്ങുന്ന വ്യായാമങ്ങള്‍ക്ക് അസ്ഥിനിര്‍മാണകോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകും. ശരീരചലനങ്ങള്‍ അനായാസകരമാക്കുന്നതോടൊപ്പം, വീഴ്ചകളെ തടയാനും വ്യായാമത്തിനു കഴിയും. വേഗത്തിലുള്ള നടത്തം, ചെറിയ ഭാരംചുമന്നുള്ള നടത്തം, പടികള്‍ കയറിയിറങ്ങുക, ഓട്ടം, ചാട്ടം ഇവ ഏറെ ഫലപ്രദമാണ്. ശരീരത്തില്‍ കാത്സ്യത്തിന്റെ ആഗീകരണത്തിന് ജീവകം ഡി അനിവാര്യമാണ്. മിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ജീവകം ഡി ഉണ്ടാകാന്‍ സഹായിക്കും. കുട്ടികള്‍ വീടിനു പുറത്തുള്ള കളികളിലും കായികവിനോദങ്ങളിലും ഏര്‍പ്പെടുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

ചികിത്സ

അസ്ഥികളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം, അസ്ഥികളുടെ കട്ടി കൂട്ടുക, ജീര്‍ണത തടയുക, അസ്ഥിക്ഷയം പ്രതിരോധിക്കുക തുടങ്ങിയവയാണ് ചികിത്സ ലക്ഷ്യമിടുന്നത്. ഔഷധങ്ങള്‍ക്കൊപ്പം സ്നേഹനം, സ്വേദനം, പിചു തുടങ്ങിയ വിശേഷചികിത്സകളും നല്‍കാറുണ്ട്. ഇരട്ടിമധുരം, കുമ്പിള്‍, മൂവില, പാടക്കിഴങ്ങ്, മുക്കൂറ്റി, ഇലവിന്‍പശ, താതിരിപ്പൂവ്, പാച്ചോറ്റി, മുരള്‍, കട്ഫലം തുടങ്ങിയവ അസ്ഥികള്‍ക്ക് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്. അസ്ഥിക്ഷയം പ്രതിരോധിക്കാന്‍ അഞ്ചുഗ്രാം ചങ്ങലംപറണ്ട, 25 ഗ്രാം ചെറുപയര്‍, 10 ചുവന്നുള്ളി ഇവ അഞ്ചു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് രണ്ടരഗ്ലാസാക്കി വറ്റിക്കുക. അതില്‍ 50 ഗ്രാം ഉണങ്ങലരിയിട്ട് കഞ്ഞിയാക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കുക. അസ്ഥിക്ഷയം ഉള്ളവര്‍ക്ക് ഏറെ ഗുണകരമാണിത്. ധന്വന്തരം തൈലം, മുറിവെണ്ണ, ധന്വന്തരം കുഴമ്പ് ഇവയിലേതെങ്കിലും ഒന്ന് ചെറുപ്പംമുതലേ തേച്ചുകുളിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും

കടപ്പാട് ;  ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍

LEAVE A REPLY

Please enter your comment!
Please enter your name here