ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള എല്ലാ മാതാപിതാക്കളും ഇത് വായികാതെ പോകരുത്..

ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള എല്ലാ മാതാപിതാക്കളും ഇത് വായികാതെ പോകരുത്.. ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്.. യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു

“ഹലോ രാഹുൽ , നീ പെട്ടെന്ന് ഒന്ന് പോലീസ് സ്റ്റേഷൻ വരെ വരണം ”
രാവിലെ സുഹൃത്ത് അമലിന്റെ ഫോൺ കാൾ കേട്ടാണ് ഉണർന്നത് . അവന്റെ ശബ്ദത്തിനു ഒരു പതർച്ച പോലെ .
” എന്താടാ , എന്താ കാര്യം?”

” എടാ , ഒരു കുഞ്ഞിനേയും നാടോടി സ്ത്രീയെയും മോഷണശ്രമത്തിനിടെ അറസ്റ്റ് ചെയ്തുത്രെ . ആ കുഞ്ഞു നമ്മുടെ ശ്രീക്കുട്ടനാണോ എന്ന് സംശയം ഉണ്ടെന്നു .ഉറപ്പില്ല .അതുകൊണ്ടു നീ ഇപ്പോൾ സുമയോടൊന്നും പറയണ്ട . പെട്ടെന്ന് വാ .”

എനിക്ക് കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി . ഡ്രസ്സ് മാറാൻ റൂമിലേക്കു ചെന്നപ്പോൾ സുമ നല്ല ഉറക്കമാണ് . ഉണർത്താൻ തോന്നിയില്ല . ഉറങ്ങിക്കോട്ടെ പാവം . രാത്രി മുഴുവൻ കരഞ്ഞു കരഞ്ഞു , പുലർച്ചെ എപ്പോഴോ ആണ് കണ്ണൊന്നടച്ചത് . അല്ലെങ്കിലും ഉറങ്ങിയിട്ട് ദിവസങ്ങൾ ആയിരുന്നുവല്ലോ . കൃത്യമായി പറഞ്ഞാൽ ഞങ്ങളുടെ പൊന്നുമോനെ നഷ്ടപ്പെട്ടിട്ടു ഇന്നേക്ക് പതിനൊന്നു ദിവസം .

ശ്രീക്കുട്ടൻ , ഞങ്ങളുടെ ജീവനായിരുന്നു അവൻ . കുറുമ്പനായ രണ്ടു വയസ്സുകാരൻ .

സുമയുടെ ഒരു നിമിഷത്തെ അശ്രദ്ധ ,അതാണ് ഞങ്ങളെ തോരാക്കണ്ണീരിലാഴ്ത്തിയത് .

ഒരു തനി നാട്ടിൻപുറത്തുകാരിയാണ് സുമ . നഗരത്തിന്റെ കാപട്യങ്ങൾ ഒന്നുമറിയാത്തവൾ . ഭിക്ഷക്കാരോടും സഹായം ചോദിക്കുന്നവരോടും വല്ലാത്ത സഹാനുഭൂതിയാണ് അവൾക്കു . ഇതു പോലെ ഉള്ള ഒന്നിനെയും വീട്ടിൽ കയറ്റരുതെന്നു എത്ര പറഞ്ഞാലും അവൾക്കു മനസ്സിലാവില്ല . ഈശ്വരൻ നമുക്കു സൗഭാഗ്യങ്ങൾ തന്നിരിക്കുന്നത് ഇല്ലാത്തവനെ സഹായിക്കാനാണ് എന്നായിരുന്നു അവളുടെ വാദം . ആ ഈശ്വരൻ തന്നെ അവളെ ചതിക്കുമെന്നു പാവം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല .

ആ നശിച്ച ദിവസം , അവളും മോനും മാത്രമായിരുന്നു വീട്ടിൽ . പഴയ വസ്ത്രങ്ങൾ തന്നു സഹായിക്കുമോ എന്ന് ചോദിച്ചു വന്നതായിരുന്നു ആ നാടോടി സ്ത്രീ . മൂന്നാലു ജോഡി വസ്ത്രങ്ങളും കുറച്ചു പൈസയും കൂടെ കൊടുത്താണ് അവൾ അവരെ വിട്ടത് . കുഞ്ഞിനേയും കൊണ്ട് അകത്തു കയറിയ അവൾ മുൻവശത്തെ വാതിൽ ലോക്ക് ചെയ്യാൻ മറന്നു പോയിരുന്നു .

ഇതിനിടയിൽ അവൾക്കു ഒരു ഫോൺ കാൾ വന്നപ്പോൾ അവൾ ഫോൺ എടുക്കാൻ അകത്തേക്ക് പോയി . കുറച്ചു കഴിഞ്ഞപ്പോഴാണ് മോനെ അവിടെ ഒന്നും കാണുന്നില്ല എന്നവൾ ശ്രദ്ധിച്ചത് . അപ്പോഴേക്കും തുറന്നിട്ട വാതിലിലൂടെ പുറത്തിറങ്ങിയ കുഞ്ഞുമായി അവർ അപ്രത്യക്ഷമായിരുന്നു .

ആളുകൾ അറിഞ്ഞു പോലീസിൽ അറിയിച്ചു പല വഴിക്കു അന്വേഷിച്ചെങ്കിലും കേരളം മുഴുവൻ സഹായികളും സൗകര്യങ്ങളും ഉള്ള ഭിക്ഷാടനമാഫിയയുടെ മുന്നിൽ പോലീസും ജനങ്ങളും തോറ്റു പോയി . ഞാൻ വിവരമറിഞ്ഞു ഓടിയെത്തിയപ്പോഴേക്കും സംഭവത്തിന്റെ ആഘാതത്തിൽ അവൾ തളർന്നു വീണിരുന്നു . ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾക്കു മുന്നിൽ തകർന്ന അവൾ ആത്മഹത്യ ചെയ്യുമോ എന്ന ഭയം ഉള്ളതുകൊണ്ടാവാം ഞാൻ അവളെ ചേർത്തുപിടിച്ചത് . അന്നു തൊട്ട് പലവഴിക്കുള്ള അന്വേഷണം ആണ് .

ഞാൻ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ പുറത്ത് അമൽ നിൽക്കുന്നുണ്ടായിരുന്നു . ഞാൻ ഓടി അകത്തേക്ക് കയറി . അവിടെ ഒരു ബെഞ്ചിൽ , വൃത്തിഹീനമായ വസ്ത്രം ധരിച്ചു ,കണ്ടാൽ അറപ്പുളവാകുന്ന ഒരു സ്ത്രീ . അവരുടെ നെഞ്ചിൽ ഒരു കുഞ്ഞു വാടിത്തളർന്നു കിടക്കുന്നുണ്ടായിരുന്നു . വിറയ്ക്കുന്ന കാലടികളോടെ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു .

” ശ്രീക്കുട്ടാ ”

പതറിയ ശബ്ദത്തിൽ ഞാൻ വിളിച്ചു .അവൻ പതിയെ തലയുയർത്തി എന്നെ നോക്കി .
ഒരു നിമിഷം .എന്റെ ഹൃദയം പിളരുന്നത് പോലെ തോന്നി . കറുത്ത് കരുവാളിച്ചു ,ദേഹമാസകലം മുറിവുകളും മയങ്ങി പോകുന്ന കണ്ണുകളുമുള്ള അവൻ, എന്റെ രാജകുമാരനാണെന്നു വിശ്വസിക്കാൻ പ്രയാസം തോന്നി .

“എന്റെ പൊന്നുമോനെ “, എന്നൊരു നിലവിളിയോടെ ഞാൻ അവനെ വലിച്ചെടുത്തു .
” അച്ഛനാടാ , അച്ഛാ എന്ന് വിളിക്കെടാ ”

അവനെ ഉമ്മകൾ കൊണ്ടു മൂടുമ്പോൾ ഞാൻ പറഞ്ഞു കൊണ്ടിരുന്നു .പക്ഷെ , കരയാൻ പോലും വയ്യാത്ത അത്രയ്ക്ക് തളർന്നിരുന്നു എന്റെ കുട്ടി . എങ്കിലും, അവന്റെ അച്ഛന്റെ അടുത്തെത്തിയത് അവൻ അറിഞ്ഞു എന്നതിന്റെ തെളിവായി ആ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു .

കുട്ടിയുടെ അമ്മയെ കൊണ്ടു വരൂ എന്ന് ആരോ പറയുന്നത് കേട്ട് അമൽ അപ്പോഴേക്കും സുമയെ കൂട്ടികൊണ്ടു വന്നിരുന്നു .

മോനെ എന്നു വിളിച്ചു കരഞ്ഞു കൊണ്ടായിരുന്നു അവൾ ഓടിക്കയറി വന്നത് . മോനെ വാരിയെടുത്തു മാറോട് ചേർത്ത് അവൾ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ എല്ലാം കണ്ണു നിറഞ്ഞിരുന്നു . അപ്പോഴും ഒരു ഭാവഭേദവും ഇല്ലാതെ ആ സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു .

സുമ മോനെ എന്റെ കയ്യിൽ തന്നിട്ട് മെല്ലെ ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു .
” നീ ഒരു പെണ്ണാണൊടി ?”

ചോദ്യവും പടക്കം പൊട്ടുന്ന പോലെ ഒരടിയും കഴിഞ്ഞു . പോലീസുകാർ വരെ ഞെട്ടിത്തിരിഞ്ഞു .
അവൾക്കു ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു .

” നീ പ്രസവവേദന അറിഞ്ഞിട്ടുണ്ടോടി ? ഓരോ അമ്മയും എത്ര ആഗ്രഹിച്ചു കാത്തിരുന്നാണ് ഒരു കുഞ്ഞു ജനിക്കുന്നത് എന്നറിയോ നിനക്ക് ? എത്ര രാത്രികൾ ഉറക്കം കളഞ്ഞാണ് വളർത്തുന്നത് എന്ന് നിനക്കറിയോ ? കണ്മുന്നിൽ നിന്ന് അവരെ അടർത്തിമാറ്റി കൊണ്ട് പോകുമ്പോൾ ആ അമ്മയുടെ വേദന നിനക്ക് മനസ്സിലാവോ ? ബലമായി പിടിച്ചു കൊണ്ടുവന്നു ഇങ്ങനെ ദ്രോഹിക്കുമ്പോൾ ഒന്നും മനസ്സിലാവാത്ത ആ കുഞ്ഞു മനസ്സ് വേദനിക്കുന്നത് നിനക്കൊക്കെ അറിയോടി ..ഈ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ നിനക്കൊക്കെ എന്തു സന്തോഷമാടി കിട്ടുന്നത് ?

നിന്നെപ്പോലുള്ള ഒരാൾ ഇനി ജീവിച്ചിരിക്കണ്ടടി ..”പറഞ്ഞതും അവൾ ആ സ്ത്രീയുടെ കഴുത്തിൽ പിടിച്ചമർത്തി .പോലീസ്‌കാർ ഉടനെ തന്നെ ബലം പിടിച്ചു അവളെ വിടുവിച്ചു .

” നോക്കു , ഒരമ്മയുടെ മാനസികാവസ്ഥ ഞങ്ങൾക്ക് മനസ്സിലാവും . പക്ഷെ കസ്റ്റഡിയിൽ ഇരിക്കുന്ന ഒരാളെ ഉപദ്രവിക്കാൻ ഞങ്ങൾ അനുവദിക്കില്ല . ഇവർക്കുള്ള ശിക്ഷ നിയമം നൽകട്ടെ ”
എസ് ഐ പറഞ്ഞു .

കരഞ്ഞു കൊണ്ടവൾ എന്റെ തോളിലേക്ക് ചാഞ്ഞപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു .
എസ് ഐ ആ സ്ത്രീയുടെ നേരെ തിരിഞ്ഞു .

“എടി നന്ദികെട്ടവളേ , നിന്നെ പോലുള്ളവരുടെ കണ്ണീരു കണ്ട് മനസ്സലിഞ്ഞിട്ടാടി ഈ നാട്ടിൽ ഓരോരുത്തരും നിനക്കൊക്കെ ഭക്ഷണവും പണവും ഒക്കെ തരുന്നത് . അങ്ങനെ ഉള്ളവരോട് തന്നെ നീയൊക്കെ ഈ ദ്രോഹം ചെയ്യുമ്പോൾ അർഹത ഉള്ളവർക്ക് പോലും സഹായം നിഷേധിക്കപ്പെടും .നോ ക്കെടി , അവരെ കണ്ടോ ?ഇത് പോലൊരു കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയിട്ടു എന്താടി നിന്നെ പോലുള്ളവർ നേടുന്നത് ?
ഇത്രയും പറഞ്ഞുകൊണ്ട് എസ് ഐ ഞങ്ങളുടെ നേരെ വിരൽ ചൂണ്ടി . അതേസമയം ,എന്റെ മോൻ അവന്റെ കുഞ്ഞിക്കൈ കൊണ്ട് അമ്മയുടെ കണ്ണുനീർ തുടക്കുകയായിരുന്നു .

ഞാനാ സ്ത്രീയുടെ മുഖത്തേക്ക് നോക്കി . അവരുടെ മിഴികളിൽ നിന്നൊരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീണു . അതു കണ്ടപ്പോൾ എന്നിലെ അച്ഛൻ വെറുതെയെങ്കിലും മോഹിച്ചു പോയി ,
” ഈ കണ്ണുനീരിൽ സത്യമുണ്ടായിരുന്നെങ്കിൽ …ഇവരിലൊരാളെങ്കിലും പശ്ചാതപിച്ചെങ്കിൽ …..
ഇനിയൊരു കുഞ്ഞുപോലും മോഷ്ടിക്കപെടാതിരുന്നെങ്കിൽ ……

ജെയ്‌നി റ്റിജുBe the first to comment

Leave a Reply

Your email address will not be published.


*