കുക്കറില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ബിരിയാണി എന്നാൽ അമ്മയുണ്ടാക്കുന്ന തരം ബിരിയാണിയാണ് എനിക്കിഷ്ടമെന്ന് കൊഞ്ചുന്ന മക്കൾക്കായി എളുപ്പം തയ്യാറാക്കാവുന്ന ഒരു കുക്കർ ബിരിയാണി ആകട്ടെ ഇത്തവണ. പാകം ചെയ്യാനെടുക്കുന്ന സമയം കൂടിയാലൊരു 30 മിനിറ്റ് എന്നതാണ് ഇതിനെ ഈസി ബിരിയാണിയാക്കുന്നത്.

വേണ്ട ചേരുവകൾ

1 .ബിരിയാണി അരി – 1/ 2 കി.ഗ്രാം (പത്തുമിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെള്ളം വാർത്തു
കളഞ്ഞെടുക്കുക)

2. ചിക്കൻ – 1 കി.ഗ്രാം (ചെറു കഷ്ണങ്ങളാക്കിയത്)

3. സവാള – 2 എണ്ണം നീളത്തിലരിഞ്ഞത്‌

4. തക്കാളി – 2 ചെറുത് അരിഞ്ഞത്

5. ഇഞ്ചി – 2 ഇഞ്ച് കഷ്ണം ചതച്ചത്

6.വെളുത്തുള്ളി – ഒരു വലിയ കുടം തൊലികളഞ്ഞു ചതച്ചത്

7.പുതിനയില- മല്ലിയില അരിഞ്ഞത് – ഒരു കപ്പ്

8. പച്ചമുളക് – 2 എണ്ണം

9. മുളകുപൊടി – 1 ടേബിൾ സ്പൂൺ

10.മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ

11. മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ

12.ഗരം മസാല – 1 ടേബിൾ സ്പൂൺ

13.തൈര് – 1 കപ്പ്

14. ചെറുനാരങ്ങ – 1 എണ്ണം

15.നെയ്യ് – 4 ടേബിൾ സ്പൂൺ

16. വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

വെള്ളം

കറുകപ്പട്ട(ഒരു കഷ്ണം) – ഏലയ്ക്ക – കരയാമ്പൂ എന്നിവ ഏതാനും എണ്ണം വീതവും ബിരിയാണിക്ക് സുഗന്ധത്തിനായി ചേർക്കാവുന്നതാണ്.

പാകം ചെയ്യുന്ന വിധം

ചിക്കൻ കഴുകി എടുക്കുമ്പോൾ തന്നെ അരിയും വെള്ളത്തിൽ കുതിരാനായി ഇട്ടാൽ കുതിർത്തെടുക്കാൻ വേണ്ടിവരുന്ന സമയം ലാഭിക്കാവുന്നതാണ്. വൃത്തിയാക്കിയ ചിക്കനിൽ ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, ഇഞ്ചി, വെളുത്തുള്ളി, എന്നിവ തന്നിരിക്കുന്ന അളവിൽ യഥാക്രമം ചേർത്ത് നന്നായി ഇളക്കിവയ്ക്കുക. രണ്ടു മിനിട്ടുകഴിഞ്ഞു അരിഞ്ഞു വച്ചിരിക്കുന്ന സവാളയിൽ മുക്കാൽ ഭാഗവും തക്കാളിയും പച്ചമുളകും അരിഞ്ഞ ഇലകളും ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. ശേഷം തൈരും ചേർത്ത് ഇളക്കി ഒരഞ്ചുമിനിട്ടു വച്ചശേഷം ചിക്കൻ പകുതിവേവാകുന്നതുവരെ (ഏകദേശം 10 മിനിറ്റ്) ചെറുതീയിൽ പ്രത്യേകം വേവിച്ചെടുക്കുക. ചിക്കൻ വെക്കുന്ന സമയം കൊണ്ട് അരി കുതിർന്നത് വെള്ളം കളഞ്ഞു വയ്ക്കാവുന്നതാണ്.

കുക്കർ അടുപ്പിൽ വച്ച് നെയ്യും എണ്ണയുമൊഴിച്ചു ചൂടാകുമ്പോൾ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക ഇട്ട് ഒന്ന് വഴറ്റി മാറ്റിവച്ചിരിക്കുന്ന സവാള അരിഞ്ഞത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. വെള്ളം തോർന്നിരിക്കുന്ന അരി കുക്കറിലേയ്ക്കിട്ടു അരിയുടെ നിറം മാറാൻ തുടങ്ങുന്നതുവരെ വഴറ്റുക. ഇതിനൊരു രണ്ടു മുതൽ മൂന്നുവരെ മിനുട്ടുകൾ വേണ്ടിവരും. ഇതിലേയ്ക്ക് പകുതിവേവാക്കി വച്ചിരിക്കുന്ന ചിക്കൻ കൂട്ട് ചേർത്തു ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങാനീരും ചേർത്തു മിശ്രിതം ഏകദേശം മുങ്ങിക്കിടക്കുന്ന വിധത്തിൽ വെള്ളവും ചേർത്തു കുക്കറടച്ചു വെയ്റ്റിടാതെ ചെറുതീയിൽ വേവിക്കുക. കുക്കർ നോസിലിലൂടെ നന്നായി ആവിവന്ന ശേഷം വെയിറ്റ് ഇട്ടു ചെറുതീയിൽ തന്നെ 5 മിനിറ്റ് വീണ്ടും വയ്ക്കുക. ശേഷം തീയണച്ചു അഞ്ചുമിനിട്ടുകൂടി കുക്കർ തുറക്കാതെ വച്ച് വേവാനനുവദിച്ചശേഷം തുറന്നു ബിരിയാണി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം. കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തിട്ട് അലങ്കരിക്കാവുന്നതാണ്.Be the first to comment

Leave a Reply

Your email address will not be published.


*