എണ്ണതേച്ചുള്ള കുളിയുടെ ഗുണങ്ങൾ

എണ്ണതേച്ചുള്ള കുളിയുടെ ഗുണങ്ങൾ
എണ്ണതേച്ചുള്ള കുളിയുടെ ഗുണങ്ങൾ

വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതയി തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽത്തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിലൊ മറ്റോ വേദന വന്നാൽ ഏതങ്കിലും തൈലമോ കുഴമ്പോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്.
നിത്യേന എണ്ണ തേച്ചു കുളിച്ചാൽ വാതസംബനധ്മായ രോഗങ്ങളെ തടഞ്ഞ് ആരോഗ്യവും കാന്തിയും നിറഞ്ഞ ഒരു ശരീരം നമ്മുക്കുണ്ടാകും. ചെടിയുടെ വേരിനു വെള്ളം ഒഴിച്ചു കൊടുത്താൽ അത് വളർന്ന് തളിരുകൾ വരുന്നത് പോലെ എണ്ണ തേച്ചു കുളിച്ചാൽ എണ്ണയുടെ ഗുണം രോമകൂപാദികളിൽക്കൂടി ശരീരമെങ്ങും വ്യാപിച്ചു ദേഹത്തിനു ബലം കൊടുക്കുന്നു.
ഗുണങ്ങൾ

വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്. ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത് ഉത്തമമാണ്.
നിത്യേന എണ്ണ തേച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിൽ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലിൽ പുരട്ടുകയും, തലയിൽ(നിറുകയിൽ) തേക്കുകയും ചെയ്യാവുന്നതാണ്.
ചെവിയിൽ എണ്ണ നിർത്തിയാൽ കേൾവിക്കു കുറവോ കേൾക്കാൻ വയ്യായ്കയോ ഉണ്ടാകില്ല. കാലിനടിയിൽ തേക്കുന്നതുകൊണ്ട് കാലിന്റെ പരുപരുപ്പ്, വരൾച്ച, രൂക്ഷത, തളർച്ച, തരിപ്പ്, ഇവയെല്ലാം ശമിക്കുകയും കാലുകൾക്കു ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും. കണ്ണിനു തെളിവുണ്ടാകും. കാൽ വിള്ളൽ ഉണ്ടാകില്ല. നിറുകയിൽ എണ്ണ തേക്കുന്നതു കൊണ്ട് നല്ല ഉറക്കവും ദേഹത്തിനു സുഖവുമുണ്ടാകും.

ഇപ്പോഴത്തെ ബ്യുട്ടീഷ്യന്മാർ തലയിൽ എണ്ണ തേയ്ക്കുന്നതിനു എതിരാണ്. ദിവസവും എണ്ണതേച്ച് കുളിക്കുന്നതിന്റെ ആവശ്യമില്ല എന്നാണു അവരുടെ വാദം. എന്നാൽ ആയുർവേദത്തിൽ പറയുന്നത് നിത്യവും തലയ്ക്കു എണ്ണതേച്ചാൽ തലവേദന ഉണ്ടാവില്ലെന്നാണ്. കഷണ്ടിയും നരയും വരില്ല, മുടി ഒട്ടും കൊഴിയില്ല, തലയോടിനു ബലവും വരും, കറുത്തു നീണ്ടു മുരടുറച്ച മുടി വരും എന്നതും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു.
ശുദ്ധജലത്തിന്റെ അഭാവവും, ഭക്ഷണ രീതികളുമൊക്കെ മുടി നരക്കുന്നതിനും കൊഴിയുന്നതിനും കാരണമാണ്. അതുകൊണ്ട് ഇന്നത്തെ അവസ്ഥയിൽ എണ്ണ തലയ്ക്കു തേച്ച് കുളിച്ചാൽ ഒരു പരിധിവരെ മാത്രമേ മേൽപറഞ്ഞ പ്രയോജനങ്ങൾ ഉണ്ടാകൂ.
ദഹന വൈകല്യമുള്ളവർ, കഫരോഗമുള്ളവർ, നവജ്വരമുള്ളവരൊന്നും എണ്ണ തേച്ച് കുളിക്കാൻ പാടില്ല.
സാധാരണയായി ഒരു രോഗവും ഇല്ലാത്തവർ എള്ളെണ്ണ തേച്ച് കുളിക്കുന്നതാണു നല്ലത്. ഔഷധങ്ങളിട്ടു കാച്ചിയ തൈലങ്ങളും ഉപയോഗിക്കാം. ഏതെങ്കിലും തരത്തിൽ വേദനകളോ മറ്റു രോഗമോ ഉള്ളവർ വൈദ്യന്മാരോട് ചോദിച്ച ശേഷം മാത്രം തൈലങ്ങൾ ഉപയോഗിക്കുക